/sathyam/media/media_files/2025/04/09/3Mqo3p1HLEdXezWeBZiz.jpg)
തൃശ്ശൂര്‍: നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതേവിട്ട അഞ്ച് പേരുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായും പിഴ ഓരോ ലക്ഷം രൂപ വീതമായും വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
പ്രതികളായ എം.എസ്. ഋഷികേശ്, കെ.യു. നിജിൽ, കെ.പി. പ്രശാന്ത്, രശാന്ത്, വി.പി. ബ്രഷ്‌നേവ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവർ ബിജെപി പ്രവർത്തകരാണ്.
2015 മാര്‍ച്ച് 25-ന് രാത്രിയായിരുന്നു റേഷൻ ഷോപ്പുടമയും അന്നത്തെ ജനതാദൾ [യു] പ്രവർത്തകനുമായ പി ജി ദീപക്ക് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ രാത്രിയിൽ കടയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികള്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
ജനതാദൾ [യു] നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടായിരുന്ന ദീപക്ക് ബിജെപി വിട്ടാണ് ജനതാദളിൽ ചേർന്നത്. ഇതിലുള്ള വൈരാഗ്യമായിരുന്നു കൊലയില്‍ കലാശിച്ചതെന്നാണ് കുറ്റപത്രം.
നാലു പേർ അക്രമണത്തില്‍ നേരിട്ട് പങ്കാളികളായി. ജനതാദൾ [യു] പിന്നീട് ആർ ജെ ഡിയായി മാറി.
ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും മൂന്നാംപ്രതിയും ഗൾഫിലാണ് ഉള്ളത് .
പോലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസിറക്കും. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് പ്രോസിക്യുഷൻ വ്യക്തമാക്കിയത്.
പത്ത് വർഷത്തോളം നീണ്ട നിയമ പോരാട്ടമാണ് വിജയിച്ചതെന്ന് കൊല്ലപ്പെട്ട ദീപക്കിന്റെ സഹോദരന്മാരായ നീരജും സൂരജും പറഞ്ഞു.
സഹോദരനെ തിരികെക്കിട്ടില്ലെങ്കിലും സത്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് ഇരുവരും .
ദീപക് ജനതാദളിൽ ചേര്‍ന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് കോടതിക്ക് ബോധ്യമായെന്നു പ്രോസിക്യൂഷനും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us