തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയവർക്കെതിരെ കേസെടുത്തു.
ടോൾ പ്ലാസയിലെത്തിയ കാർ, ടോൾ ബൂത്ത് കടന്നതിനു ശേഷം ട്രാക്കിൽ നിർത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ട്രാക്കുകളിൽ കാർ മാറ്റിമാറ്റിയിട്ട് ഇവർ പ്രശ്‌നമുണ്ടാക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇന്ന് പുലർച്ചെ ആയിരുന്നു സംഘർഷം അരങ്ങേറിയത്.
സംഘർഷം നടക്കുമ്പോൾ കാർ യാത്രക്കാർ മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യാൻ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവർ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു.
അതിനിടെ ടോൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവർ കാറുമായി കടന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ടോൾപ്ലാസ അധികൃതർ പുതുക്കാട് പൊലീസിൽ പരാതി നൽകി.