കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തിരുന്ന് ആശാ സമരത്തിന്റെ പേരിൽ തുടർച്ചയായി സർക്കാറിനെ വിമർശിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു. സ്ഥാനത്ത് നിന്ന് മാറ്റാൻ ഇനി അമാന്തമുണ്ടാവില്ലെന്ന് ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകർ . അതിനു മുമ്പ് പ്രതിഷേധത്തിന്റെ ഭാഗമായി സച്ചിദാനന്ദൻ അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്നും പരാമർശം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരാണെന്നും  അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും  സച്ചിദാനന്ദൻ  തുറന്നടിച്ചിരുന്നു.

New Update
SACHIDANANDAN

തൃശൂർ: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായ പ്രശസ്ത കവി  കെ സച്ചിദാനന്ദൻ തലസ്ഥാനത്ത് നടക്കുന്ന ആശാ വളണ്ടിയർമാരുടെ  അനിശ്ചിതകാല സമരത്തിനു നൽകുന്ന പിന്തുണ ഭരണകക്ഷിയായ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു. 

Advertisment

ഇടതു വിരുദ്ധ സമരമെന്ന് സിപിഎമ്മും പ്രധാന നേതാക്കളും തുടർച്ചയായി വിശേഷിപ്പിക്കുന്ന ആശാ സമരത്തെ ഇടതു സാംസ്‌കാരിക ലോകത്തു തന്നെയുള്ള  മുതിർന്ന എഴുത്തുകാരൻ സച്ചിദാനന്ദൻ തന്നെ രംഗത്തു വന്ന് തുടർച്ചയായി പിന്തുണക്കുന്നതിലും സർക്കാർ നിയോഗിച്ച സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് പരസ്യമായി സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിൽ സിപിഎമ്മിലെ ഉന്നത നേതൃത്വത്തിന് കടുത്ത വിയോജിപ്പ് ഉള്ളതായാണ് സൂചനകൾ. 


കഴിഞ്ഞ ദിവസം ആശാ സമരത്തിന്റെ ഭാഗമായി നടന്ന പൗര സാഗരം പരിപാടിയിലും സാച്ചദാനന്ദൻ വീഡിയോ വഴി പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 


ആ ഘട്ടത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സച്ചിദാനന്ദൻ ഉന്നയിച്ചത്. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും അദ്ദേഹം  കുറ്റപ്പെടുത്തിയിരുന്നു.  

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരാണെന്നും  അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും  സച്ചിദാനന്ദൻ  തുറന്നടിച്ചിരുന്നു.

കൂടാതെ 'ഭരണവും സമരവും' എന്ന ഇ എം എസ് ഉയർത്തിയ മുദ്രാവാക്യവും കവി ഓർമ്മപ്പെടുത്തുകയും ചെയ്തു. പൗരസാഗരം പരിപാടിയിൽ എഴുത്തുകാരി ഖദീജ മുംതാസും പങ്കെടുത്തിരുന്നു. 

ഇതേക്കുറിച്ച് സിപിഎം വിമർശകനും എഴുത്തുകാരനുമായ ആസാദ് സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചതിങ്ങനെ- 


" സച്ചിദാനന്ദൻ ആശാ തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിനു നൽകുന്ന പിന്തുണയും ശക്തിയും സാംസ്കാരിക കേരളത്തിന്റെ ഐക്യദാർഢ്യമായി കണക്കാക്കണം. 


ഭീരുക്കളും അധികാരബദ്ധ രാഷ്ട്രീയത്തെ ഉപജീവിക്കുന്നവരുമായ സാംസ്കാരിക പ്രവർത്തകരുടെ മൗനം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. അതാരും വക വെക്കുന്നുമില്ല." ആസാദ് വ്യക്തമാക്കി.

സച്ചിദാനന്ദനെ അക്കാദമി പ്രസിഡണ്ടു സ്ഥാനത്തുനിന്ന് നീക്കാൻ ഇനി അമാന്തമുണ്ടാവില്ലെന്നും  പുതിയ കമ്മറ്റി വേഗം രൂപീകരിച്ച് അദ്ദേഹത്തെ ഒഴിവാക്കി പാർട്ടി പ്രതിബദ്ധതയും ചെരിവുമുള്ള 'കണ്ണൂർമുകുന്ദൻ'മാരെ പ്രതിഷ്ഠിക്കുന്നതാവും നല്ലതെന്നും ആസാദ് പറഞ്ഞു.


അത് വൈകിയാൽ ഇനി സച്ചിദാനന്ദന് രാജി മാത്രമേ മുന്നിൽ വഴി കാണൂ എന്നും  കാരണം രാജിയും ഒരു പ്രവർത്തനമാണ് എന്ന് എം എൻ വിജയനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ആസാദ് കൂട്ടിച്ചേർത്തു. 


ഇടതുപക്ഷത്ത് അടിയുറച്ചു നിന്നിരുന്ന മുതിർന്ന സാംസ്‌കാരിക പ്രവർത്തകർ തന്നെ സർക്കാരിനെതിരെ ആശാ സമരത്തെ ചൂണ്ടിക്കാട്ടി പരസ്യ വിമർശനത്തിന് തയ്യാറാകുമ്പോൾ ബോധപൂർവമായ മൗനത്തിലാണ് സിപിഎം. 

എന്നാൽ സച്ചിദാനന്ദൻ അടക്കമുള്ളവർ ഇടതു വിരുദ്ധരല്ലെന്നും അവരെ ബോധ്യപ്പെടുത്തി നിലപാടുകൾ മയപ്പെടുത്തുന്ന നിലയിലേക്ക് എത്തിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യവും സിപിഎമ്മിലുയരുന്നുണ്ട്.