തൃശ്ശൂർ: വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. വാഴച്ചാൽ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോർട്ടമാണ് ചൊവ്വാഴ്ച വൈകീട്ടോടെ പൂർത്തിയായത്.
സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.
ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തിൽ വാരിയെല്ലുകൾ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ.
വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തതവരികയുള്ളൂ.
വാഴച്ചാലിലെ രണ്ടുപേരുടെ മരണത്തെ 'അസാധാരണമരണങ്ങളെ'ന്നും മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിരുന്നു.
എന്നാൽ, വനംവകുപ്പിന്റെ ഈ വാദങ്ങൾ പൊളിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ.
വാഴച്ചാൽ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിരപ്പള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള വഞ്ചിക്കടവിലായിരുന്നു സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങൾ ശേഖരിക്കാനായി പോയ നാലംഗസംഘത്തിൽപ്പെട്ടവരായിരുന്നു ഇരുവരും.