/sathyam/media/media_files/2025/04/17/0sOj3fiYoFQ2UINJaJ7L.jpg)
തൃശ്ശൂർ: പൂരം കലങ്ങി ഒരു വർഷം തികയുമ്പോഴും കുറ്റവാളികളെ കണ്ടെത്താൻ സർക്കാർ പ്രഖ്യപിച്ച ത്രിതല അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു.
ഇതിൽ പൊലീസ് ഒഴികെയുള്ള വകുപ്പുകൾക്ക് വീഴ്ച പറ്റിയോ എന്ന മനോജ് ഏബ്രഹാമിന്റെ അന്വേഷണം മാത്രമാണ് പൂർത്തിയായത്.
അജിത് കുമാറിന്റെ പങ്കിനെ കുറിച്ചുള്ള ഡി.ജി.പിയുടെ അന്വേഷണവും പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു തൃശ്ശൂർ പൂരം കലങ്ങിയത്.
പലയിടത്തു നിന്നുമുള്ള എഴുന്നെള്ളിപ്പുകൾ തടഞ്ഞ പൊലീസ് പൂരപ്രേമികളെ ലാത്തി വീശി ഓടിക്കുകയും പൂര നഗരി ബാരിക്കേഡ് വെച്ച് കെട്ടി അടയ്ക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് കരുതപ്പെടുന്നത്.
ആനകൾക്ക് തീറ്റയുമായി വന്ന ജീവനക്കാരെ പോലും ബലം പ്രയോഗിച്ച് നീക്കിയതോടെ വലിയ വാക്ക് തർക്കത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.
അന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ വഴിവിട്ട നടപടികളെപ്പറ്റി വലിയ ആക്ഷേപമാണ് ഉയർന്ന് കേട്ടത്.
എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതും പുലർച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തിയതും ആചാര-കീഴ്‌വഴക്ക ലംഘനങ്ങളായി കണക്കാക്കപ്പെടുന്നു.
പൂരം കലങ്ങിയതിനും പൂര നഗരിയിലേക്കുള്ള തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആംബുലൻസിലെ വരവിനും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.
പൂരം നടക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
ജില്ലയിൽ നിന്നും മന്ത്രി കെ. രാജൻ മുൻമന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി വി.എസ് സുനിൽ കുമാർ എന്നിവരും അവിടെ സന്നിഹിതരായിരുന്നിട്ടും പൂരം കലങ്ങിയത് അമ്പരപ്പുളവാക്കുന്ന സംഗതിയായിരുന്നു.
തുടർന്ന് പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സർക്കാർ ഏൽപ്പിച്ചതിലും വലിയ എതിർപ്പാണ് ഉന്നയിക്കപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയലാഭത്തിനായി ഗൂഢാലോ ചന നടന്നെന്ന് കാട്ടിയുള്ള റിപ്പോർട്ട് അജിത് കുമാർ ഡി.ജി.പിക്ക് സമർപ്പിക്കുകയും ചെയ്തു.
തിരുവമ്പാടി ദേവസ്വത്തെ വിമർശിക്കുന്ന റിപ്പോർട്ടിൽ ഒരു രാഷ്ട്രീയപ്പാർട്ടിയെയും പേരെടുത്ത് പറഞ്ഞില്ല.
അജിത് കുമാറിനെ രൂക്ഷമായി കുറ്റപ്പെടു ത്തി ഡിജിപി റിപ്പോർട്ട് തള്ളി.
ഇതിനിടെ ഡി.ജി.പി - ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷനേതാവും ഉന്നയിച്ചിരുന്നു.
റിപ്പോർട്ട് തള്ളിയ ഡി.ജി.പി സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അജിത് കുമാർ എന്ത് നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള കവറിംഗ് ലെറ്റർ അടങ്ങുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.
തുടർന്നാണ് വിഷയത്തിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യപിച്ചത്.
നിലവിൽ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പട്ടികയിൽ ആറാമത്തെ പേരുകാരനാണ് എ.ഡലി.ജി.പി എം.ആർ അജിത് കുമാർ.
അനധികൃത സവത്ത് സമ്പാദനമടക്കം എല്ലാ ആരോപണങ്ങളിൽ നിന്നും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കൊടുക്കുന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പ് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടി എ.ഡി.ജി.പിയുടെ പങ്ക് നിരാകരിക്കപ്പെട്ടാൽ അടുത്ത ഡി.ജി.പിയായി എം.ആർ അജിത് കുമാർ തന്നെ അവരോധിതനാവുമെന്നും റിപ്പോർട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us