തൃശുർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആർ ബിന്ദു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചവർക്കാണ് മന്ത്രി സ്വന്തം പേജിൽ മറുപടി നൽകിയിരിക്കുന്നത്.
കേരള വർമയിൽ അധ്യാപിക ആയിരുന്ന കാലത്ത് പോലും ആർ ബിന്ദു പൂരം കാണാൻ വന്നിട്ടുണ്ടോ എന്നാണ് മന്ത്രിയുടെ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്ന്. ഇതിന് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.
എടോ, ഞാൻ പൂരം കാണുക മാത്രമല്ല, അഞ്ചുകൊല്ലം തൃശൂർ മേയറായി പൂരം നടത്താൻ നേതൃത്വം കൊടുത്തിട്ടുമുണ്ടെന്നുമാണ് മറുപടിയുടെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകൾ വരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.