/sathyam/media/media_files/2025/05/08/crhKV7UPOIkWF6iubymo.jpg)
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം അതിഗംഭീരമാക്കാൻ പ്രയത്നിച്ച മുഴുവൻ പേരെയും അഭിനന്ദിച്ച് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എൻ വാസവനും വളരെ നേരത്തെ തന്നെ അവലോകന യോഗങ്ങൾ ചേർന്ന് കുറവുകളില്ലാതിരിക്കാൻ നടത്തിയ ഇടപെടലുകൾ പ്രത്യേകം എടുത്ത്പറയേണ്ടതുണ്ടെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽഖാദർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും ജില്ലാ ഭരണകൂടവും നന്നായി ഇടപെട്ടു.
പൊലീസ് വകുപ്പിന്റേത് ഏറ്റവും കാര്യക്ഷമവും അഭിനന്ദനീയവുമായ സമീപനമായിരുന്നു. ജാഗ്രത ഉണ്ടായെങ്കിലും പൂര പ്രേമികൾക്ക് കാർക്കശ്യം നേരിടേണ്ടി വന്നില്ലെന്ന് പ്രധാന പത്രങ്ങൾ തന്നെ എഴുതി.
തൃശൂർ കോർപ്പറേഷൻ ,കൊച്ചിൻ ദേവസ്വം ബോർഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമക്കി.
മഠത്തിൽ വരവും, ഇലഞ്ഞിത്തറ മേളവും പാഞ്ചാരിമേളവും കുടമാറ്റവും, വെടിക്കെട്ടുമെല്ലാം കാണാനും ആസ്വദിക്കാനും തൃശൂരിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങളും തികഞ്ഞ അച്ചടക്കത്തോടെ പൂരം മഹാ സംഭവമാക്കി.
സാംസ്‌കാരിക നഗരിയെ വിശ്ര വിശ്രുതമാക്കിയ തൃശൂർ പൂരം വിഭാഗീയതകൾക്കെതിരായ മനുഷ്യസാഗരമായി തീർന്നെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.