/sathyam/media/media_files/2025/05/19/N15P3mVHeed8xJT97BST.jpg)
തൃശൂർ : സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്താറുണ്ട്.
വ്യാപാരികൾ, വ്യവസായികൾ, മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. ഇവരെ സംഘാടകർ പ്രത്യേകമായി ക്ഷണിക്കുകയും ചെയ്യും.
ഇന്ന് തൃശൂരിൽ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരുമായി പ്രത്യേക മുഖാമുഖം തന്നെയാണ് സർക്കാർ ഒരുക്കിയത്.തൃശൂരിൽ ഇന്ന് രാവിലെ നടന്ന പരിപാടിയിൽ കലാ സംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മന്ത്രിമാരായ സജി ചെറിയാൻ, കെ രാജൻ, ആർ ബിന്ദു തുടങ്ങിയവരും പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കുകയും ചെയ്തു.
അതെസമയം പരിപാടിയേ വിമർശിച്ചു കൊണ്ട് രംഗത്തു വന്ന സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ഉണ്ട്.
അക്കാദമികളുടെ കാലാവധി അവസാനിക്കാറായെന്നും അവസരങ്ങളുടെ പട്ടിക തൂക്കിക്കാണുമെന്നും പുരസ്‌കാരങ്ങളും പദവികളും പ്രദർശനത്തിന് എത്തിയിട്ടുണ്ടാകുമെന്നും എഴുത്തുകാരൻ ഡോ. ആസാദ് പറഞ്ഞു.
ആസാദ് എഴുതിയത് ഇങ്ങനെ-
" പൗരപ്രമുഖർ, സാംസ്കാരിക പ്രമുഖർ എന്നിങ്ങനെ പൗരസമൂഹത്തിൽ വിലപ്പെട്ട ഒരു മേൽത്തട്ട് സൃഷ്ടിച്ചു നിലനിർത്തുന്നതിൽ തെറ്റുണ്ടോ? അവരെ നിശ്ചയിക്കാൻ സർക്കാറിന് അവകാശമില്ലേ? സർക്കാർ മുദ്ര പതിഞ്ഞ വരേണ്യ വിഭാഗം എന്നത് മോശം കാര്യമാണോ? ആ അംഗീകാരത്തിനു വേണ്ടി ത്രസിക്കാതെ ആരുണ്ട്? ആ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ത് എന്ന ചോദ്യത്തിൽ കാര്യമുണ്ടോ? പട്ടും വളയും മാറി പട്ടവും വളയവും ആയത് ഗുണമല്ലേ?
/sathyam/media/post_attachments/878d6f48-0fa.jpg)
സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പരസ്യപ്പെടുത്തുന്നതു കണ്ടാണ് തൃശൂരിലെ ഒത്തുചേരൽ അറിഞ്ഞത്. (ഒത്തുചേരലിന് മഹാരാജകീയ ഭാഷയിൽ എന്തു പറയണമെന്ന് അറിയില്ല. ക്ഷമിക്കണം) സർക്കാറുമായി അവർക്ക് സംവദിക്കാം.
ഭാഗ്യവാന്മാർ! അവർ ചോദിക്കുമായിരിക്കും പഴയ തൊഴിലാളിവർഗ ലാവണ്യബോധം കയ്യൊഴിയാത്തവരെ രാജാവേ എന്തു ചെയ്യണമെന്ന്. നീണ്ടു നീണ്ടുപോകുന്ന പെൺതൊഴിലാളിസമരം എന്ന 'അസംബന്ധ'ത്തെ വാഴ്ത്തുന്ന സാംസ്കാരിക പ്രവർത്തകരെ അങ്ങ് തീർത്തുകളയാത്തതെന്ത് എന്ന്. തെരുവിൽ കുറ്റപ്പെടുത്തി സൽക്കാരത്തിൽ പങ്കുചേരുന്നവരോട് ക്ഷമിക്കാമോ എന്ന്.
അക്കാദമികളുടെ കാലാവധി അവസാനിക്കാറായി. ട്രസ്റ്റുകളും സമിതികളും പുതുക്കാറായി. അവസരങ്ങളുടെ പട്ടികതൂക്കിക്കാണും.
പുരസ്കാരങ്ങളും പദവികളും പ്രദർശനത്തിന് എത്തിയിട്ടുണ്ടാകും. അവനവനെ വച്ചുനോക്കി പാകം പറയാം. പരിചയക്കാരെക്കൊണ്ടു പറയിക്കാം.
പഴയ സൗഹൃദം പുതുക്കാം. തിരുവാതിര പാടാം. തഴമ്പു ചൊറിയാം. മൂന്നാം ചുവടിന് ശിരസ്സു താഴ്ത്തി കാത്തിരിപ്പൂ ഞങ്ങളെന്ന് കീർത്തനം ആലപിക്കാം. നിഷേധികളെ നിന്ദിച്ചു കൂറു തെളിയിക്കാം.
സാംസ്കാരിക കേരളം തൃശൂരിൽ ചേരുകയാണ്! അഥവാ തൃശൂരിൽ ചേരുന്നതേ സാംസ്കാരിക കേരളമാവൂ. അതിനപ്പുറം കലയോ സാഹിത്യമോ സംസ്കാരമോ ഇല്ല.
സാംസ്കാരിക പ്രവർത്തകരില്ല. സർഗ പ്രകാശമില്ല. നാം കേരളീയരും ഭാഗ്യവാന്മാർ! ഇത്ര കൂറുള്ള എഴുത്തുകാർ ഒരുകാലത്തും ഇല്ലായിരുന്നു.
ഇത്ര ഒതുക്കവും അനുസരണയും ഒരുകാലത്തും ഇല്ലായിരുന്നു. ആദ്യം ആ അടിത്തട്ടു പെൺതൊഴിലാളികളുടെ അവശത തീർക്കൂ, ആ സമരം ഒത്തുതീർക്കൂ എന്നിട്ടാവാം സാംസ്കാരിക പ്രവർത്തകരുടെ കൂടിയിരിപ്പ് എന്നു പറയാൻ ത്രാണിയുള്ള ഒരാളെയും കാണുന്നില്ല.
ഇനി അവരുടെ കീർത്തനങ്ങൾക്ക് കാതോർക്കാം. അവരുടെ മുട്ടിലിഴയൽ പെർഫോമൻസ് ആസ്വദിക്കാം. അത് കേരളത്തിനു വേണ്ടിയാണ്. വികസനകേരളത്തിന്റെ വഴികൾ അവർ വെടിപ്പാക്കും. രാജാവിന് സ്തുതി! കൊട്ടിപ്പാട്ടുകാർക്കും സ്തുതി!"
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us