/sathyam/media/media_files/2025/05/27/64XQM6XEggrT6vDNOJIJ.jpg)
തൃശൂർ: സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി തൃശൂർ വിമല കോളേജിനെ തെരഞ്ഞെടുത്തു.
2023 - 2024 വർഷത്തെ ഭൂമിത്രസേന ക്ലബ് സംസ്ഥാന അവാർഡാണ് വിമല കോളേജിനെ തേടിയെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.
തൃശൂർ ജില്ലയിലെ വിവിധ അവാസ വ്യവസ്ഥകളിലെ ചിത്രശലഭങ്ങളെയും പക്ഷികളെയും കുറിച്ച് നടത്തിയ പഠനങ്ങൾ, തൃശൂർ ജില്ലയിലെ വിവിധ ബീച്ചുകളിലെ കടൽ പുഴുക്കളുടെ ജൈവവൈവിധ്യങ്ങളെ കുറിച്ചുള്ള പഠനങ്ങൾ, തൃശൂർ മൃഗശാല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, കോളേജിലെ കുട്ടികളുടെ വീടുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓർഗാനിക് ഫാമിംഗ്, കിച്ചൻ ഗാർഡൻ പദ്ധതികൾ, പ്രകൃതി പഠന ക്യാമ്പുകൾ, തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന, 'തീരദേശ ആവാസ വ്യവസ്ഥയുടെ ആരോഗ്യ വിലയിരുത്തലും ജൈവവൈവിധ്യ പര്യവേക്ഷണവും' എന്ന വിഷയത്തിൽ തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിൽ പരിസ്ഥിതി വകുപ്പിൻ്റെ ധനസഹായത്തോടെ നടപ്പിലാക്കിയ ശില്പശാലകൾ, കോളേജ് ക്യാമ്പസിൽ അവിഷ്കരിച്ച് നടപ്പിലാക്കിയ പ്രകൃതി മലീനീകരണം തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, മണ്ണ് പരിശോധന പദ്ധതികൾ എന്നിവയാണ് വിമല കോളേജിനെ അവാർഡിന് അർഹമാക്കിയത്.
ഭൂമിത്രസേന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വർഷങ്ങളായി നടത്തി വരുന്ന വാട്ടർ ക്വാളിറ്റി അസസ്മെൻ്റ് പദ്ധതിയും അവാർഡ് ലഭിക്കുന്നതിന് കാരണമായതായി 2011 മുതൽ വിമല കോളേജിലെ ഭൂമിത്രസേന ക്ലബിൻ്റെ കോഓർഡിനേറ്റർ ഡോ. ഫീബാറാണി ജോൺ പറഞ്ഞു.
അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us