/sathyam/media/media_files/2025/05/27/pJ7rpLBfoZfmZCqY1DDl.jpg)
തൃശൂർ: ഭൂമിത്രസേന ക്ലബ് അവാർഡോടെ ഡോ. ഫീബാറാണി ജോൺ കാമ്പസിൽ താരമായിരിക്കുകയാണ്. ഡോ. ഫീബാറാണി ജോണിൻ്റെ നേതൃത്വത്തിൽ ഇത് ആറാമത്തെ അവാർഡാണ് വിമല കോളേജിന് ലഭിക്കുന്നത്.
വിമലയുടെ ചരിത്രത്തിൽ ആദ്യമാണിത്. കോളേജ് മാനേജ്മെൻ്റ് ഏല്പിച്ചതെല്ലാം കോളേജിന് അവാർഡുകളാക്കി മാറ്റിയ ഫീബാറാണി മിസ് നിലവിൽ ജന്തുശാസ്ത്ര വിഭാഗം മേധാവി കൂടിയാണ്.
നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രോഗ്രാം ഓഫീസറായിരിക്കെ 2013ലാണ് അവാർഡുകളുടെ പെരുമഴക്കാലം ആരംഭിക്കുന്നത്.
2011-2012 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള അവാർഡാണ് ആദ്യത്തെ നേട്ടം.
ആ വർഷം സർവ്വകലാശാലയിലെ മികച്ച പ്രോഗ്രാം കോഓർഡിനേറ്റർക്കുള്ള അവാർഡും ഡോ. ഫീബാറാണി ജോണിന് ലഭിച്ചിരുന്നു. അതേ വർഷം സംസ്ഥാനത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള അവാർഡും വിമല കോളേജിന് ലഭിച്ചു.
മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ഡോ. ഫീബാറാണി സ്വന്തമാക്കി.
പിന്നീട് 2017 - 2018 അധ്യയന വർഷത്തെ മികച്ച ആൻ്റിനാർക്കോട്ടിക് ക്ലബിനുള്ള സംസ്ഥാന അവാർഡ് വിമല കോളേജിനെ തേടിയെത്തിയതിന് പിന്നിലും ക്ലബിൻ്റെ കോഓർഡിനേറ്ററായ ഫീബാറാണിയായിരുന്നു.
അതേ വർഷം തൃശൂർ ജില്ലയിലെ മികച്ച ആൻ്റിനാർക്കോട്ടിക് ക്ലബ് അവാർഡും വിമല കോളേജിന് ലഭിച്ചിരുന്നു.
എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാസിക മത്സരത്തിൽ വിമല കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രസ്തുത കയ്യെഴുത്ത് മാസിക, വഴിവിളക്കിൻ്റെ എഡിറ്റർ ഡോ. ഫീബാറാണി ജോൺ ആയിരുന്നു.
2017 മുതൽ 2023 വരെ കോളജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്സ്മെൻ്റ് സെൽ കോഓർഡിനേറ്ററും 2023 മുതൽ അംഗവുമാണ്.
ഈ കാലയളവിൽ കോളജിലെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ പ്ളെയ്സ്മെൻ്റ് സൗകര്യമൊരുക്കി.
നിലവിൽ കേരള നോളജ് ഇക്കോണമി മിഷൻ്റെ കണക്ട് കരിയർ ടു കാമ്പസ് പദ്ധതിയുടെ കോഓർഡിനേറ്ററാണ്. കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ മാസ്റ്റർ മെൻ്റർ അവാർഡ് ജേതാവാണ്.
വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് 2012ൽ ഡോ. ഫീബാറാണി ജോണിന് മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രം ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us