തൃശൂര്‍ ജില്ലയില്‍ കനത്ത മഴ. വാഴാനി ഡാമില്‍ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കാൻ തീരുമാനം. ശനിയാഴ്ച ഡാം തുറക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മെയ് 31ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഷട്ടറുകള്‍ തുറന്ന് ജല നിരപ്പ് ക്രമീകരിക്കാനാണ് നിര്‍ദേശം. 

New Update
vazhani dam image(134)

തൃശൂര്‍ : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നു. 

Advertisment

തൃശൂര്‍ ജില്ലയില്‍ മഴ തുടരുന്നതായ സാഹചര്യത്തില്‍ വാഴാനി ഡാമില്‍ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി ഡാമിന്റെ പ്രോപ്പോസ്ഡ് റൂള്‍ കര്‍വ് ലെവല്‍ പാലിക്കാന്‍ തീരുമാനം. 


ഇതുസംബന്ധിച്ച് തൃശൂര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കി. 


മെയ് 31ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഷട്ടറുകള്‍ തുറന്ന് ജല നിരപ്പ് ക്രമീകരിക്കാനാണ് നിര്‍ദേശം. 

വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


ദുരന്തനിവാരണ ആക്ട് 2005 ലെ സെക്ഷന്‍ 26(2) പ്രകാരമാണ് ഉത്തരവ്. ആവശ്യമായ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 


വാഴാനി ഡാമില്‍ നിന്നും അധികജലം ഒഴുക്കുന്നതിനാല്‍ വടക്കാഞ്ചേരി പുഴയിലും ബന്ധപ്പെട്ട കനാലുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തെക്കുംകര, ഏരുമപ്പെട്ടി, കടങ്ങോട്, ചൂണ്ടല്‍, കണ്ടാണശ്ശേരി, തോളൂര്‍, മുല്ലശ്ശേരി, എളവള്ളി, വേലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

പാടശേഖരസമിതി ഭാരവാഹികളെ ഡാം തുറക്കുന്ന വിവരം മുന്‍കൂട്ടി അറിയിച്ച് മത്സ്യകൃഷിനാശം ഉള്‍പ്പെടെയുള്ളവയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

വെള്ളം ഒഴുക്കിയിട്ടും നീരൊഴുക്കും മഴയും മൂലം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment