തൃശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൽപി ഹൈസ്‌കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.
ആദ്യഘട്ടമായി ആയിരം വിദ്യാർത്ഥികളിലേക്കാണ് പദ്ധതിയുടെ പ്രയോജനമെത്തിക്കുന്നത്.
ആലപ്പുഴ എസ്.ഡി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വി.കെ.പി. സൗഹൃദ കൂട്ടായ്മയുടെയും (യുഎഇ ഘടകം) മറ്റ് സുമനസ്സുകളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുക.
ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന സംസ്ഥാനതല പരിപാടിയിൽ എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ആർ.എൻ. അൻസാർ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ തുടർച്ചയായി കോട്ടയം ഇടക്കുന്നം ജി.എച്ച്.എസ്.എസിലും ആലപ്പുഴ എസ്.ഡി. കോളേജിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.