തൃശൂർ: തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തിൽ മരിച്ച ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. അദ്ദേഹത്തിന്റെ മൃതദേഹവും നാട്ടിലെത്തിക്കും.
ധർമപുരിയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് കുടുംബം തൃശൂരിലേക്ക് മടങ്ങുന്നത്. ഷൈൻ ടോം ചാക്കോക്ക് കൈയ്ക്കും അദ്ദേഹത്തിന്റെ അമ്മക്ക് ഇടുപ്പിനും കൂടാതെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
അദ്ദേഹത്തിന്റെ സഹോദരനും അപകടത്തിൽ നിസ്സാര പരിക്കേറ്റിരുന്നു.
ദീർഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും അച്ഛൻ മരിച്ച സാഹചര്യത്തിൽ തിരിച്ചു നാട്ടിൽ എത്തേണ്ടതുണ്ടെന്നും സംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതിനാൽ രണ്ടു സ്ഥലങ്ങളിൽ നിൽക്കാൻ കഴിയില്ലെന്ന് കുടുംബം അറിയിച്ചു.
തുടർന്നാണ് മൃതദേഹവുമായി നാട്ടിലേക്ക് വരാനും ചികിത്സ തൃശൂരിലേക്ക് മാറ്റാനും തീരുമാനമെടുത്തത്. ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹവുമായുള്ള ആംബുലൻസും നാട്ടിലേക്ക് തിരിച്ചു.
ഏകദേശം രാത്രിയോടെ തന്നെ മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം എപ്പോഴായിരിക്കുമെന്ന് ഇതുവരെയും കുടുംബം വ്യക്തമാക്കിയിട്ടില്ല.
ഇന്ന് രാവിലെ ആറുമണിയോടെയാണ് തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബംഗളൂരുവിലേക്ക് തിരിച്ചത്.
അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവർ അനീഷ് മൊഴിനൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.