തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഷൈനിന്റെ പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും ഷൈന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
"ഇന്ന് രാത്രിയോടെ ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരുമെത്തും. അവർക്ക് അച്ഛന്റെ കൂടെ കുറച്ചു സമയം ഇരിക്കണം.
നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്കാരം തീരുമാനിക്കും. ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല.
മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നു. അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല.
ഇടുപ്പിന് ചെറിയ പരിക്കേയുള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈന്റെ കാര്യത്തിലും ആശങ്കപ്പെടാനൊന്നുമില്ല. സർജറി ഇന്നുണ്ടാകില്ല, ചടങ്ങ് കഴിഞ്ഞ് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത്. മുൻസീറ്റിലിരുന്ന രണ്ട് പേർക്കും ഒരു കുഴപ്പവുമില്ല.
പിറകിലിരുന്ന മൂന്ന് പേർക്കാണ് പ്രശ്നമായത്". - സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വിദഗ്ധ ചികിത്സയ്ക്കായി ഷൈനെയും അമ്മ മരിയെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്.
ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു.