തൃശൂർ: തൃശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. ദിവ്യയുടെ ഏക സഹോദരൻ 33 വയസുള്ള ദിപീഷിനാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് കാറിൽ ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെയാണ് അപകടം നടന്നത്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ദിവ്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് ആദ്യഘട്ടത്തിൽ ഭർത്താവ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി.
കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്.
ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ഭാര്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസിൽ നിന്നിറങ്ങി ഒരു യുവാവിൻ്റെ ബൈക്കിൽ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു.
ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിലവിൽ കുഞ്ഞുമോൻ പൊലീസ് കസ്റ്റഡിയിലാണ്. ദിവ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്ക്കേ കൃത്യമായ മരണകാരണം അറിയാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്.