തൃശൂർ: മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശൻ പറഞ്ഞു.
ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരുടെയും മുന്നിൽ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്.
ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. വീണാ ജോർജ് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം. അവർ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല.
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കാൻ തയ്യാറായതെന്നും സതീശൻ പറഞ്ഞു.