തൃശൂർ: തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്നു 96,09,963 ലക്ഷം വില വരുന്ന പണയ സ്വർണം ഉരുപ്പടികൾ മോഷ്ടിച്ച സംഭവത്തിൽ സ്ഥാപനത്തിലെ മാനേജർ പിടിയിൽ.
കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) വാണ് അറസ്റ്റിലായത്. 1055 ഗ്രാം 460 മില്ലി ഗ്രാം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ദീപുപിടിയിലാകുന്നത്.
മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മോഷണ സ്വർണം പണയം വച്ചതായി വ്യക്തമായിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിങിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തു നൽകിയ ശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
ഒഡിറ്റിഗിൽ സ്വർണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശൂർ ഏരിയാ സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.