തൃശൂര്‍: തൃശൂരിലെ പരാതികൾ തീർപ്പാക്കിയതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് സിപിഐ നേതാവും എൽഡിഎഫ് സ്ഥാനാർഥിയുമായ വി.എസ് സുനിൽകുമാർ.
ചേലക്കരയിലെ ബിജെപി നേതാവ് കെ.ആർ ഷാജിക്കും ഭാര്യക്കും പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിലായിരുന്നു വോട്ട്.
തൃശൂരിലെ ഒരു ഫ്ലാറ്റാണ് മേൽവിലാസമായി അന്ന് കൊടുത്തിരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവർക്ക് വരവൂരിലെ നടത്തറയിലാണ് വോട്ട്. തൃശൂരില്‍ വോട്ട് ചെയ്യാനായി വോട്ടേഴ്സ് ഐഡികാര്‍ഡ് വരെ മാറ്റിയിട്ടുണ്ട്.
ഇവർ വോട്ടേഴ്സ് ഐഡി കാർഡ് വരെ മാറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതാണെന്നും സുനിൽകുമാർ പറഞ്ഞു.
'തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തതയോടെ ചൂണ്ടിക്കാണിച്ചിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിരുന്നു. അന്നുണ്ടായിരുന്ന നിയമനുസരിച്ച് അനുസരിച്ചേ പറ്റൂ എന്നാണ് കലക്ടർ അന്ന് നിലപാട് എടുത്തത്.
ഇൻലാന്റ് എന്ന ഫ്‌ളാറ്റിലെ 91 വോട്ടുകൾ ചലഞ്ച് ചെയ്തുകൊണ്ട് ഇവിടെയുള്ള താമസക്കാരല്ല,എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാമെന്ന നിലപാടും കലക്ടറെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സർക്കുലർ പ്രകാരമാണ് പലരും വോട്ട് ചേർത്തത്.
നിയമത്തിന്റെ ലൂപ്പ് ഹോൾ ഉപയോഗപ്പെടുത്തി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് തൃശൂരിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തി.
ബിജെപി ആളുകളെ കൂട്ടത്തോടെ തൃശൂരിലേക്ക് കൊണ്ടുവന്ന് വോട്ട് ചേർക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് കൊടുത്തത് പോലെ തെളിവ് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എനിക്ക് തന്ന നിർദേശം.' വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.