കേരള സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിന് ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ പേര് നൽകും. ഹാളിൻ്റെ നാമകരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

വനിതാ എഴുത്തുകാരിയുടെ പേര് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ എംടിയുടെ സ്മരണയ്ക്കായി ഹാൾ സമർപ്പിക്കുകയെന്ന തീരുമാനത്തിൽ അക്കാദമി ഉറച്ചു നിന്നു.

New Update
images (1280 x 960 px)(36)

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിന് ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ പേര് നൽകും. നേരത്തെ എംടിയുടെ പേര് ഹാളിനു നൽകുന്നതിനെതിരെ ഒരുകൂട്ടം സാംസ്കാരിക പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. 

Advertisment

വനിതാ എഴുത്തുകാരിയുടെ പേര് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ എംടിയുടെ സ്മരണയ്ക്കായി ഹാൾ സമർപ്പിക്കുകയെന്ന തീരുമാനത്തിൽ അക്കാദമി ഉറച്ചു നിന്നു.


കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഹാളിൻ്റെ നാമകരണം നിർവഹിക്കും. 


സാഹിത്യോത്സവം ഈ മാസം 17 മുതൽ 21 വരെയാണ് നടക്കുന്നത്. അക്കാദമിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിക്കും.


ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വൈശാഖൻ പതാകയുയർത്തും. സംവാദങ്ങൾ, പ്രഭാഷണങ്ങ സംഭാഷണങ്ങൾ, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികൾ, നാടകം തുടങ്ങി മൂന്നു വേദികളിലായി വിവിധ പരിപാടികൾ അരങ്ങേറും. 


കലാ സാംസ്കാരിക പരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 

ജയരാജ് വാര്യർ അവതരിപ്പിക്കുന്ന എംഎം ബാബുരാജ് ഗാന സന്ധ്യ, തൃശൂർ പഞ്ചമി തിയേറ്റേഴ്‌സിന്റെ നാടകം 'പൊറാട്ട്', തിരുവനന്തപുരം ഗുരു ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ രാജീവൻ പണിക്കർ കോയോങ്കരയും സംഘവും അവതരിപ്പിക്കുന്ന മറത്തുകളി തുടങ്ങിയ പരിപാടികൾ സാഹിത്യോത്സവ സന്ധ്യകളെ വേറിട്ടതാക്കും. 


എംടിയുടെ മഞ്ഞ്, നാലുകെട്ട് നോവലുകളെ അടിസ്ഥാനമാക്കി തൃശൂർ ഫൈൻആർട് കോളജിൽ മനോജ് ഡി വൈക്കം ഒരുക്കുന്ന സാഹിത്യ ഫോട്ടോഗ്രഫി പ്രദർശനവും ഉണ്ടായിരിക്കും.


പലസ്തീൻ കവിയും പത്രപ്രവർത്തകയുമായ അസ്മാ അസൈസി, ടിബറ്റൻ കവിയ ആക്ടിവിസ്റ്റുമായ ടെൻസിൻ സുണ്ടു, നേപ്പാളി കവികൾ ഭുവൻ തപാലിയ, അമർ ആകാശ് എന്നിവരാണ് സാഹിത്യോത്സവത്തിൻ്റെ അന്താരാഷ്ട്ര പാനലിലുള്ളത്. 

21നു വൈകീട്ട് അഞ്ച് മണിക്ക് ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 


സാഹിത്യ അക്കാദമി ലൈബ്രറിക്ക് ലളിതാംബിക അന്തർജ്ജനം സ്മാരക ലൈബ്രറി എന്ന നാമകരണവും അദ്ദേഹം നിർവഹിക്കും. ജിഎസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.


സാഹിത്യോത്സവത്തിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ മറ്റന്നാൾ അവസാനിക്കും. 

അതുവരെ അക്കാദമിയിലെ ഐഎൽഎഫ്കെ ഓഫീസിൽ നേരിട്ടെത്തി ഓഫ്‌ലൈനായും https://keralasahityaakademi.org/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും പേര് രജിസ്റ്റർ ചെയ്യാം. 

പൊതുജനങ്ങൾ 500 രൂപയും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും 250 രൂപയുമാണ് രജിസ്ട്രേഷൻ ചാർജ്.

Advertisment