വിവാദമൊഴിയാതെ തൃശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്; വീണ്ടും വിവാദനായകനായി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി; സുരേഷ് ഗോപിയെ വിവാദത്തിലാക്കിയത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പിന്തുണ നേടാൻ ശ്രമിച്ചെന്ന ആരോപണം ! തിരഞ്ഞെടുപ്പ് കമ്മിഷൻ അംബാസിഡറായ ടൊവിനോ തോമസിൻെറ ചിത്രവും പാർട്ടി ചിഹ്നവും വെച്ച് പോസ്റ്റർ ഇറക്കിയ വി.എസ് സുനിൽ കുമാറും  വിവാദത്തിൽ; പൂരാഘോഷം നടക്കുന്ന മണ്ഡലത്തിൽ കൊട്ടിക്കയറി വിവാദം

കലാമാണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട പോസ്റ്റ് ആളിക്കത്തിക്കാൻ ഇടത് അനുകൂലികളാണ് ആഞ്ഞ് ശ്രമിക്കുന്നത്.  ടൊവീനോ വിഷയത്തിൽ സുനിൽ കുമാറിനെ പ്രതിരോധത്തിലാക്കാനുളള നീക്കത്തിൽ ബി.ജെ.പിക്കാരുമുണ്ട്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
suresh gopi kalamandalam gopi vs sunil kumar

തൃശൂർ : യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ ഏറ്റുമുട്ടുന്ന തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിവാദങ്ങളുടെ പൂരമാണ്. അതിനിർണായകമായ തിരഞ്ഞെടുപ്പ്  പോരാട്ടത്തിൽ തൊടുന്നതെല്ലാം വിവാദമാക്കാൻ രാഷ്ട്രീയ എതിരാളികൾ കണ്ണും നട്ടിരിക്കുന്നതിനാല്‍ തൃശിവപേരൂരിൻെറ പൊതുമണ്ഡലത്തിൽ വിവാദങ്ങൾ അമിട്ടുപോലെ പൊട്ടുകയാണ്. നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയാണ് വിവാദങ്ങളിലെ സ്ഥിരം നായകനെങ്കിലും പുതിയ വിവാദത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറും പെട്ടിട്ടുണ്ട്.

Advertisment

 പ്രമുഖരുടെ പിന്തുണ ഉറപ്പിക്കാൻ മത്സരിച്ച് നടത്തിയ ശ്രമങ്ങളാണ് ഇരുവരെയും വിവാദത്തിലാക്കിയത്.


സുരേഷ് ഗോപിക്ക് വേണ്ടിയെന്ന് പറഞ്ഞ് പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ഗോപിയുമായി സന്ദർശനത്തിന് അനുമതി തേടിയതും യുവനായകൻ ടൊവിനോ തോമസിൻെറ  ചിത്രം തിരഞ്ഞെടുപ്പു ചിഹ്നവും വെച്ച്  വി.എസ് സുനിൽ കുമാർ പോസ്റ്റർ പ്രചരിപ്പിച്ചതുമാണ് ഇരുവരേയും വിവാദത്തിലേക്കി തളളിവിട്ടത്. പിന്തുണ ഉറപ്പിക്കാനിറങ്ങി പുലിവാല് പിടിച്ചതോടെ സംഭവിച്ച ക്ഷീണം മാറ്റാനുളള നെട്ടോട്ടത്തിലാണ് ഇപ്പോൾ സുരേഷ് ഗോപിയും സുനിൽകുമാറും. സുനിൽകുമാർ പോസ്റ്റർ പിൻവലിച്ച് തടിയൂരിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ  കലാമണ്ഡലം ഗോപിയെ കാണാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് രക്ഷപ്പെടാനാണ് സുരേഷ് ഗോപിയുടെ ശ്രമം.

കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ  ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടെയാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കാലത്ത് പുതിയൊരു വിവാദത്തിൽ കൂടി നായകനായത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രമുഖരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്ന ഗോപി ആശാൻെറ മകൻെറ എഫ്.ബി.പോസ്റ്റ്.

സുരേഷ് ഗോപി വരുന്നുണ്ട് ,അദ്ദേഹത്തെ അനുഗ്രഹിക്കണമെന്ന് ഗോപിയാശാനെ ചികിത്സിക്കുന്ന ഡോക്ടർ ശുപാർശ ചെയ്തെന്നായിരുന്നു മകൻ രഘു ഗുരുകൃപയുടെ കുറിപ്പ്. വരണ്ട എന്നു പറഞ്ഞപ്പോൾ ആശാന് പത്മഭൂഷൺ കിട്ടേണ്ടേ എന്ന്  ചോദിച്ചതായും മകൻ കുറിപ്പിൽ പറഞ്ഞിരുന്നു. ആ ഗോപിയല്ല, ഈ ഗോപി എന്നു മാത്രം മനസ്സിലാക്കണമെന്ന് കൂടി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്. ഇതോടെ വിവാദം മേളത്തിലെന്ന പോലെ കൊട്ടിക്കയറി.

കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് മണ്ഡലത്തിൽ വൻചർച്ചയായി. ചർച്ചയും കടന്ന് കുറിപ്പ് വിവാദമായതോടെ രഘു ഗുരുകൃപ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടായി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വിവാദം തണുപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താനോ ബി.ജെ.പിയോ ആരെയും ഏൽപ്പിച്ചിട്ടില്ല, ഗോപിയാശാൻെറ ഡോക്ടർ പറഞ്ഞതുമായി തനിക്ക്  ബന്ധമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

'' ഞാനെല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്.കലാമണ്ഡലം ഗോപി ആശാനെ ബന്ധപ്പെട്ടിട്ടില്ല. മകൻെറ പോസ്റ്റും വായിച്ചിട്ടില്ല. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയാറാക്കുന്നത്. അല്ലാതെ ഒരാളെയും ഏൽപ്പിച്ചിട്ടില്ല, ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ല. മുൻപ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. ഗോപിയാശാന്റെ ഡോക്യുമെൻററി ഇറങ്ങിയപ്പോൾ ഞാനാണ് പ്രകാശനം ചെയ്തത്. എനിക്കറിയില്ല, ഗോപിയാശാന്റെ മനസ്സാണോ ഈ പറഞ്ഞതെന്ന്. ഇനി ഗോപിയാശാൻ വേണ്ടാ എന്നു പറഞ്ഞാൽ ഗുരുവായൂരപ്പന്റെ മുന്നിൽ മുണ്ടും നേര്യതും നൽകും '' സുരേഷ് ഗോപി വിശദീകരിച്ചു.

എന്നാൽ വിശദീകരണത്തോടെ വിവാദം ശമിക്കുമോയെന്ന് സംശയമാണ് . പ്രവേശിക്കാൻ സാധിക്കാത്ത സ്ഥലത്ത് പ്രവേശിക്കാൻ ശ്രമിച്ചെന്ന് പരിഹസിച്ച് കൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിവാദം ഏറ്റുപിടിച്ചിട്ടുണ്ട്.  

തിരഞ്ഞെടുപ്പ് കമ്മീഷൻെറ ബ്രാൻറ് അംബാസിഡറെണെന്ന് അറിയാതെ യുവതാരം ടൊവീനോ തോമസിൻെറ ചിത്രം വെച്ച് പോസ്റ്റർ പ്രചരിപ്പിച്ചതാണ് പൊതുവേ വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്ന സുനിൽകുമാറിനെ അപകടത്തിൽ ചാടിച്ചത്. പോസ്റ്റർ സൈബിറിടത്തിൽ പറപറന്നപ്പോൾ തൻെറ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ടൊവീനോ പോസ്റ്റിട്ടു. ടൊവീനോ തിരഞ്ഞെടുപ്പ് കമ്മീഷൻെറ അംബാസിഡറാണെന്ന് അറിയാതെയാണ് പോസ്റ്റർ ഇട്ടതെന്ന് വിശദീകരിച്ചാണ് സുനിൽകുമാർ ജാള്യം മറയ്ക്കാൻ ശ്രമിച്ചത്.

''പൂങ്കുന്നത്തെ ലൊക്കേഷനിൽ പോയപ്പോൾ എടുത്തതാണ് ആ ചിത്രം. ടൊവീനോ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാന്റ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ തന്നെ പിൻവലിച്ചു. ചിഹ്നം പതിച്ച പോസ്റ്റർ പിൻവലിക്കണം എന്ന് ടൊവിനോ ആവശ്യപ്പെട്ടിരുന്നു. ചിത്രം വച്ച പോസ്റ്റർ വച്ചോളാൻ പറഞ്ഞിട്ടുണ്ട്. ടൊവിനോയ്ക്ക് പ്രയാസമാകേണ്ടെന്ന് കരുതിയാണ് പിൻവലിച്ചത്'' സുനിൽകുമാർ വിശദീകരിച്ചു.

കലാമാണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട പോസ്റ്റ് ആളിക്കത്തിക്കാൻ ഇടത് അനുകൂലികളാണ് ആഞ്ഞ് ശ്രമിക്കുന്നത്.  ടൊവീനോ വിഷയത്തിൽ സുനിൽ കുമാറിനെ പ്രതിരോധത്തിലാക്കാനുളള നീക്കത്തിൽ ബി.ജെ.പിക്കാരുമുണ്ട്. അതുകൊണ്ട് തന്നെ വിശദീകരണം കൊണ്ടൊന്നും വിവാദം അവസാനിക്കാൻ സാധ്യതയില്ല.

                                                                  

Advertisment