തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംസ്ഥാനത്ത് അരങ്ങേറിയത് സംഘപരിവാറിന്റെ ശക്തിപ്രകടനം. നടപടി ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. സംഘപരിവാറിനെ പ്രകോപിപ്പിച്ചത് രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന തുഷാര്‍ ഗാന്ധിയുടെ പ്രസ്താവന. അപലപിച്ച് മുഖ്യമന്ത്രി. നടപടി വേണമെന്ന് പ്രതിപക്ഷനേതാവ്

നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ മുദ്രാവാക്യം വിളികളുമായി വഴിയില്‍ തടഞ്ഞ് നടത്തിയത് സംഘപരിവാറിന്റെ ശക്തി പ്രകടനമെന്ന് സൂചന. ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. 

New Update
THUSHAR-GANDHI-1-768x421

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ മുദ്രാവാക്യം വിളികളുമായി വഴിയില്‍ തടഞ്ഞ് നടത്തിയത് സംഘപരിവാറിന്റെ ശക്തി പ്രകടനമെന്ന് സൂചന. ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. 

Advertisment

രാജ്യത്തെ മതനിരപേക്ഷത തകര്‍ത്ത് മതാധിഷ്ഠിതമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന തുഷാര്‍ ഗാന്ധിയുടെ പ്രസ്താവനയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ആര്‍.എസ്.എസ് വിഷമാണെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാര്‍- ബി.ജെ.പി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയുടെ വാഹനം വളഞ്ഞത്. 


സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ശക്തികളുടെ അഴിഞ്ഞാട്ടമാണ് അവിടെ നടന്നതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ എപ്പോഴും നിലപാടെടുക്കുന്ന തുഷാര്‍ ഗാന്ധി സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ്. തശന്റ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചിട്ടും താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ തുഷാര്‍ ഗാന്ധി മഹാത്മാ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യവും വിളിച്ചാണ് അവിടെ നിന്നും എതിര്‍പ്പുകളെ അവഗണിച്ച് മടങ്ങിയത്. 



അവിടെയുണ്ടായിരുന്ന പൊലീസ് സമരക്കാരെ മാറ്റയെങ്കിലും അദ്ദേഹത്തിന് നേരെയുണ്ടായ സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറായില്ല. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരുടെ പേരിലുള്ള പഠനഗവേഷണ കേന്ദ്രവും ഗാന്ധിമിത്ര മണ്ഡലവും ചേര്‍ന്ന് നിര്‍മ്മിച്ച ഗോപിനാഥന്‍ നായരുടെ രപതിമ അനാച്ഛാദന ചടങ്ങിന് തുഷാര്‍ ഗാന്ധി എത്തിയപ്പോഴാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്.


ഗാന്ധി ഘാതകരെ ആദരിക്കുന്ന ആളുകള്‍ ഗന്ധി നിന്ദയാണ് തുഷാര്‍ ഗാന്ധിയോട് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും പൊലീസും ശക്തമായ നടപടി സ്വീകരിക്കണം. തുഷാര്‍ ഗാന്ധിയെ ഫാസിസ്റ്റുകള്‍ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ചത് ഏറ്റവും ക്രൂരമായ നടപടിയാണ്. 


ഫാസിസമാണ് രാജ്യത്തെ ഭരിക്കുന്നത്. അത് രാജ്യത്തിന്റെ ആത്മാവിനെയാണ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നത് എന്നത് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. അത് പറഞ്ഞതിന്റെ പേരിലാണ് തുഷാര്‍ ഗാന്ധി അപമാനിക്കപ്പെട്ടത്. കേരളത്തിന്റെ മനസ് തുഷാര്‍ ഗാന്ധിക്കൊപ്പമുണ്ടാകും. അദ്ദേഹത്തെ കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 


തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ കടന്നാക്രമണമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയും അറിയിച്ചു.