/sathyam/media/media_files/2025/01/13/qoEnLnUmzJxlbN3MKp3N.jpg)
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതു ഉപതെരഞ്ഞെടുപ്പുകളുടെ കാലം. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര, വയനാട്(ലോക്‌സഭാ), ഇപ്പോള്‍ നിലമ്പൂരും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാലമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവ് മാറുകയായിയിരുന്നു.
സംസ്ഥാനത്തു നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ യു.ഡി.എഫും ഒന്നില്‍ എല്‍.ഡി.എഫും വിജയിച്ചു. ചേലക്കര നിമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പിൽ മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്.
2021 ഡിസംബര്‍ 22ന് പി.ടി. തോമസ് എം.എല്‍.എയുടെ മരണത്തോടെയാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫും, യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണനും മത്സരിച്ചു.
2022 മേയ് 31നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 72770 വോട്ടു നേടി ഉമ തോമസ് വിജയിക്കുകയും ചെയ്തു. അന്ന് എല്‍.ഡി.ഫിന് ഏറ്റ പരാജയം വന്‍ തിരിച്ചടിയായിരുന്നു.
രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെയായിരുന്നു. 2023 ജൂലൈ 18നായിരുന്നു ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ തുടര്‍ച്ചയായി 53 വര്‍ഷം എം.എല്‍.എയായി റെക്കോര്‍ഡിട്ട ഉമ്മന്‍ ചാണ്ടിക്കു പിന്തുടര്‍ച്ചക്കാരനായി എത്തിയതു മകന്‍ ചാണ്ടി ഉമ്മനായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 80,144 വോട്ടു നേടുകയും രണ്ടാം സ്ഥാനത്തുണ്ടായ ജെയ്ക് സി. തോമസുമായി 37,719 വോട്ടിന്റെ ലീഡും നേടി. ജയിക്കിന് 42,425 വോട്ടു ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6,558 വോട്ടും നേടാനായുള്ളൂ.
2024 ല്‍ പാലക്കാട്ടേയും ചേലക്കരയിലേയും നിമസഭാ സാമാജികരായിരുന്നവര്‍ ലോക്‌സഭയിലേക്കു മത്സരിച്ചതോടെയാണു കേരളത്തില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പു നടന്നത്.
പാലക്കാടു നിന്നു ഷാഫി പറമ്പിലും ചേലക്കരയില്‍ നിന്നു കെ. രാധാകൃഷണനും ലോക്‌സഭയിലേക്കു വിജയിച്ചു. ഇതോടെ ഒഴിവു വന്ന ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്നു എല്‍.ഡി.എഫിന്റെ യു.ആര്‍. പ്രദീപും വിജയിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലം രാഹുല്‍ ഗാന്ധി കൈവിട്ടതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പ്രിയങ്ക ഗാന്ധിയും വിജയിച്ചു.
അതേസമയം കേരളാ ചരിത്രത്തില്‍ എറണാകുളം ജില്ലയിലാണു സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ തവണ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പും മൂന്നു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമാണ് എറണാകുളം ജില്ലയില്‍ നടന്നിട്ടുള്ളത്.
സംസ്ഥാനത്തു മൂന്ന് ഉപതെരഞ്ഞെടുപ്പു നേരിട്ട ഒറ്റ മണ്ഡലമേയുള്ളൂ. അതും എറണാകുളത്തു തന്നെ, എറണാകുളം നിയമസഭാ മണ്ഡലം. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചും നടന്നതു യു.ഡി.എഫിന്റെ സിറ്റിങ് സീറ്റിലായിരുന്നു. ഇതില്‍ രണ്ടിടത്ത് യു.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ് ചരിത്രം തിരുത്തി.
ഇതുവരെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ എറണാകുളം ജില്ലയില്‍ നടന്നു. മൂന്നു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ജില്ല വോട്ടുചെയ്തു. തൊട്ടുപിന്നില്‍ മലപ്പുറം ജില്ലയാണ് അവിടെ ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഉണ്ടായിട്ടുണ്ട്.
പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ അടുത്ത നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരാകും വിജയിക്കുക എന്നു കാത്തിരിക്കുകയാണു കേരളം. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചത്.
രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അന്‍വര്‍ മത്സരിച്ചാലും ഒന്നും സംഭവിക്കില്ലെന്നു പ്രതികരിച്ചിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു.