ടിഎംഎ ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാം 26 ന് തിരുവനന്തപുരത്ത്

New Update
40 yrs of TMA logo
തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാ(എസ് വൈഎംപി-2025)മില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായും യുവ പ്രൊഫഷണലുകളുമായും സംവദിക്കും. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ (എഐഎംഎ) സഹകരണത്തോടെ സെപ്റ്റംബര്‍ 26 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി നടക്കുന്നത്.
Advertisment


രാവിലെ 9.45 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ ഐപി വിപിന്‍ എവിഎസ്എം വിഎം (റിട്ട.), എഐഎംഎ ഡയറക്ടര്‍ മാധവ് ശര്‍മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ടിഎംഎ പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് ചടങ്ങിന് നന്ദി പറയും.

കേരളത്തിലെ 30 വയസ്സിന് താഴെയുള്ള യുവാക്കളുടെ നേതൃമികവില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പരിപാടിയെന്ന നിലയിലാണ് എസ് വൈഎംപി-2025 ആസൂത്രണം ചെയ്തിട്ടുള്ളത്. സമ്മേളനത്തില്‍ 1000-ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സെല്‍ഫ്-മാനേജ്മെന്‍റ്, കരിയര്‍ പ്ലാനിംഗ്, നേതൃപാടവം, പ്രൊഫഷണല്‍ മികവ് എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സംവേദനാത്മക സെഷനുകളില്‍ യുവ പ്രതിനിധികള്‍ക്ക് ലഭിക്കും.
 
ആദ്യ സെഷനില്‍ ഗ്രാന്‍റ്  തോണ്‍ടണ്‍ ഭാരതിലെ റിച്ചാര്‍ഡ് രേഖി സംസാരിക്കും. തിരുവനന്തപുരത്തെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് അസോ. പ്രൊഫ. മാധവ സി കുറുപ്പ് ആണ് സെഷന് നേതൃത്വം നല്‍കുക.

ഐസിഎഫ് ചെന്നൈ മുന്‍ ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി മുഖ്യപ്രഭാഷണം നടത്തുന്ന രണ്ടാമത്തെ സെഷനില്‍ തിരുവനന്തപുരത്തെ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. വേണി എം നായര്‍ മോഡറേറ്ററാകും.

എന്‍എസ് ഡിസി മുന്‍ സിഇഒയും പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യ മിഷന്‍ ഗ്രൂപ്പ് സിഇഒയും യുകെഐബിസി സ്ഥാപക സിഇഒയുമായ ജയന്ത് കൃഷ്ണ, ലെസോത്തോ, ദക്ഷിണ സുഡാന്‍, ഗിനിയ-ബിസാവു പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് അംബാസഡര്‍ ഡോ. ദീപക് വോറ എന്നിവര്‍ തുടര്‍ന്നുള്ള സെഷനുകളില്‍ പ്രഭാഷണം നടത്തും. മെഡികെയ്ഡ് എത്തോസ് പ്രൈവറ്റ് ലിമിറ്റഡ് കോ-ചെയര്‍പേഴ്സണും ഗ്രൂപ്പ് സിഇഒയും നട്ട്മെഗ് സഹസ്ഥാപകയുമായ റിട്ട. വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി നായര്‍, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് കേരള ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ ഈ സെഷനുകളില്‍ അധ്യക്ഷരാകും.

ടിഎംഎയുടെ തുടക്കകാലം തൊട്ട് സംസ്ഥാനത്തെ മാനേജ്മെന്‍റ്, നേതൃത്വ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എസ് വൈഎംപി-2025 ന് ആതിഥേയത്വം വഹിക്കുന്നതിലൂടെ യുവ പ്രതിഭകള്‍ക്കും നേതൃത്വ അനുഭവങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രതിബദ്ധത ടിഎംഎ വ്യക്തമാക്കുന്നു.

Advertisment