ഡെസ്റ്റിനേഷൻ ചലഞ്ച്: ചാത്തമംഗലം പഞ്ചായത്തിലെ ടൂറിസം പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

New Update
Kerala Tourism
കോഴിക്കോട്:  ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ "ഡെസ്റ്റിനേഷൻ ചലഞ്ച്"പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.  ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറില്‍ സംഗമിക്കുന്ന കൂളിമാട് എന്ന സ്ഥലമാണ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷനെങ്കിലും വികസിപ്പിക്കുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളാണ് സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂളിമാട്, ചെട്ടിക്കടവ് പാലത്തിന് സമീപമുള്ള രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണ് പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂളിമാടിലും ചെട്ടിക്കടവിലും പാർക്ക് വികസിപ്പിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നുണ്ട്. അതിൽ ഇരിപ്പിടങ്ങള്‍, ഗാലറി, വിവിധ പരിപാടികൾക്കായി ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ ജിം, വ്യൂ പോയിന്റ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ,  വൈദ്യുതീകരണം എന്നിവ ഉൾപ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Advertisment
Advertisment