/sathyam/media/media_files/2026/02/26/photo2-2026-02-26-13-45-39.jpeg)
കണ്ണൂര്‍: ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കാനാകുന്ന രീതിയിലാണ് മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ച് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ഇവിടത്തെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) മലബാര്‍ കോര്‍ട്യാര്‍ഡ് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ച് എന്ന ഖ്യാതി നേടിയിട്ടുള്ള മുഴപ്പിലങ്ങാടിന് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സവിശേഷമായ ഇടം നേടാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് കിലോമീറ്ററോളം നീളമുള്ള ഈ ബീച്ചില്‍ വാഹനമോടിക്കാമെന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാകണം. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഈ ഉദ്ദേശത്തോടെയാണ് കെടിഡിസി മുഴപ്പിലങ്ങാട് കേന്ദ്രമാക്കി റിസോര്‍ട്ട് നിര്‍മ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി പരിസ്ഥിതിസൗഹാര്‍ദ രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ച് വികസനത്തിനായി 238 കോടി രൂപ ചെലവിടുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഈ പ്രദേശത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറും.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കു വശം, തെക്കുവശം, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ നാല് ഭാഗങ്ങളാക്കിത്തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് വശത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 62 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. മറ്റ് ഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി കൂടുതല്‍ വേഗത കൈവരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് വശത്ത് വാക്ക് വേ, റിഫ്രഷ്‌മെന്റ് സെന്റര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ചിന്റെ തെക്കുവശത്ത് സിറ്റിങ് ഏരിയ, കിയോസ്‌ക്, പാര്‍ക്കിങ് എന്നിവ ഒരുക്കും. ധര്‍മ്മടം ബീച്ചില്‍ ഫ്‌ളോട്ടിങ് ഡെക്ക്, ജയന്റ് വീല്‍, മ്യൂസിക് ഫൗണ്ടൈന്‍, ജോഗിങ്-സൈക്ലിങ് ട്രാക്ക്, ഇവയെല്ലാം നിര്‍മ്മിക്കാനാണ് പദ്ധതി.
ദേശാടനപക്ഷികളടക്കം വന്നുചേരുന്ന ധര്‍മ്മടം ദ്വീപില്‍ നാച്വര്‍ ഹബ്ബ് ഒരുക്കും. അണ്ടര്‍ വാട്ടര്‍ സ്ട്രക്‌ചേര്‍ഡ് ഗാര്‍ഡന്‍, എലവേറ്റര്‍ നാച്വര്‍ വാക്ക് എന്നിവ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. ദ്വീപിലേക്കുള്ള പ്രവേശനസാധ്യതകള്‍ കൂടി പരിശോധിച്ചുകൊണ്ടുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണ്. ഈ പദ്ധതികള്‍ പൂര്‍ണമാകുന്നതോടെ മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചുകള്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ. വി. ശിവദാസന്‍ എംപി അധ്യക്ഷത വഹിച്ചു.
മുഴപ്പിലങ്ങാടിന്റെയും മലബാറിന്റെയും ടൂറിസം വികസനത്തില്‍ പുതിയ സാധ്യതകള്‍ തുറക്കാന്‍ കെടിഡിസി റിസോര്‍ട്ടിന് സാധിക്കുമെന്ന് സ്വാഗത പ്രസംഗത്തില്‍ ടൂറിസം ഡയറക്ടറും കെടിഡിസി എം ഡിയുമായ ശിഖ സുരേന്ദ്രൻ പറഞ്ഞു. 2021 ഒക്ടോബര്‍ 31 നാണ് മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. കിഫ്ബിയുടെ വിനോദസഞ്ചാര വികസന ധനസഹായ പദ്ധതിയിലൂടെ 51.86 കോടി രൂപ ചെലവഴിച്ചാണ് റിസോര്‍ട്ട് പണികഴിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ കേരളത്തില്‍ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷന്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് മലബാര്‍ കോര്‍ട്യാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 6.5 ഏക്കര്‍ വിസ്തൃതിയുള്ള റിസോര്‍ട്ടില്‍ എട്ട് കോട്ടേജുകള്‍ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികള്‍ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉള്‍പ്പെടെ 40 മുറികളാണ് റിസോര്‍ട്ടിലുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരന്‍ മാസ്റ്റര്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അതുല്‍ പി.എം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ കെ.വി, ജില്ലാ പഞ്ചായത്ത് അംഗം അനുശ്രീ കെ., തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.പി ചന്ദ്രദാസ്, കെടിഡിസി ബോര്‍ഡ് ഡയറക്ടര്‍മാരായ ഒ.കെ വാസു, കെ.കെ വത്സരാജ്, ബെന്നി മൂഞ്ഞേലി, ബി. ബിജു, തോമസ് ടി. കീപ്പുറം, പി.എം സുരേഷ് ബാബു, യു. ബാബു ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിശാലമായ നീന്തല്‍ക്കുളവും ഇന്‍ഡോര്‍ റീക്രിയേഷന്‍ ഏരിയയും ഹെല്‍ത്ത് ക്ലബ്ബും റിസോര്‍ട്ടില്‍ സജ്ജമാണ്. അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളില്‍ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികള്‍, ലിവിംഗ് സ്‌പെയ്‌സും 548 ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുള്ള സ്യൂട്ട് റൂമുകള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള ബോര്‍ഡ് റൂം എന്നിവയും ഇതിലുണ്ട്.
മനോഹരമായ ലാന്‍ഡ്സ്‌കേപ്പിങ് റിസോര്‍ട്ടിനെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യും. മലബാര്‍ കോര്‍ട്യാര്‍ഡിന്റെ അന്തരീക്ഷം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, ഹണിമൂണ്‍, കുടുംബ ഒത്തുചേരലുകള്‍ എന്നിവയെ മനോഹരമാക്കാന്‍ പോന്നതാണ്. സമയബന്ധിതമായും സൗന്ദര്യാത്മകമായും നിര്‍മ്മാണം പൂര്‍ത്തിയായ മലബാര്‍ കോര്‍ട്യാര്‍ഡിലൂടെ കെടിഡിസി മലബാര്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us