/sathyam/media/media_files/2024/10/18/ByNiavwoB30GLjV1hMFJ.jpg)
തിരുവനന്തപുരം: ഓണകാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
- അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് ഒഴിവാക്കുക.
- ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനം ഓടിക്കരുത്.
- ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കുക.
- ലെയിന്‍ ട്രാഫിക് നിയമം പാലിക്കുക.
- നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ പത്ത് ദിവസത്തെ ഓണാഘോഷ വേളയില്‍ സംസ്ഥാനത്ത് 1,629 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അവയില്‍ 161 പേര്‍ മരിക്കുകയും 1,261 പേര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കുകയും ചെയ്തു.
ഈ ഓണക്കാലം ജീവനും സുരക്ഷയും മുന്‍നിര്‍ത്തി ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കണം. നിരത്തുകളിലെ തിരക്ക് മനസ്സിലാക്കി, ഗതാഗത നിയമങ്ങള്‍ പാലിച്ച്, ജാഗ്രതയോടെ പെരുമാറി എല്ലാവരുടെയും ജീവന്‍ സുരക്ഷിതമാക്കണം.
നിരത്തുകളില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ റോഡ് സുരക്ഷാ മാനേജ്‌മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്‌സാപ്പ് നമ്പരായ 9747001099-ല്‍ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.