കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട യുവാവിന്റെ കാൽപാദം അറ്റു. യാത്രക്കിടെ സാധനം വാങ്ങാൻ കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഇറങ്ങി തിരിച്ച് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.
പാലക്കാട് കുലുക്കല്ലൂരിലെ സുന്ദരനാണ് (39) അപകടത്തിൽപ്പെട്ടത്. മംഗലാപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന എഗ്മോർ എക്സ്പ്രസിനടിയിൽ പെടുകയായിരുന്നു. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങവെ നീങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവെയാണ് അപകടം.
ട്രാക്കിൽ വീണ യുവാവിന്റെ കാലിൽ കൂടി ട്രെയിൻ കയറി പോയി. ഇടതു കാൽ പാദത്തിന് മുകളിൽ നിന്നും വേർപ്പെട്ടു. കാഞ്ഞങ്ങാട് അഗ്നിരക്ഷാ പ്രവർത്തകരെത്തി യുവാവിനെയും അറ്റുപോയ കാലും ജില്ല ആശുപത്രിയിലെത്തിച്ചു.