ടൂറിസം രംഗത്ത് വയനാടിന്റെ സാധ്യതകൾ ഉപയോഗപ്പെത്താൻ ഗതാഗത സൗകര്യം വിപുലീകരിക്കണം: എം ഡി സി.

റെയിൽ, എയർ കണക്ടിവിറ്റി അനിവാര്യം

New Update
78ddd717-24f8-491f-bb10-385d8fc7213c

കോഴിക്കോട്: ടൂറിസം രംഗത്ത് വയനാടിന്റെ സാധ്യതകൾ  പരമാവധി ഉപയോഗപ്പെടുത്താൻ എയർ, റെയിൽ കണക്ടിവിറ്റി അനിവാര്യമാണെന്ന് മലബാർ ഡെവലപ്മെൻറ് കൗൺസിൽ അധ്യക്ഷൻ ഷെവലിയാർ സി ഇ ചാക്കുണ്ണി  അഭിപ്രായപ്പെട്ടു.

Advertisment

സുൽത്താൻ ബത്തേരിയിൽ മൈസൂരു ട്രാവൽസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല തകർന്നതോടെ വയനാട് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും അതിലൂടെ മാത്രമേ വയനാട്ടിലെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വയനാട്ടിലേക്ക് ദേശീയ, അന്തർദേശീയ ടൂറിസ്റ്റുകൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് എയർ സ്ട്രിപ്പ്,  നെഞ്ചങ്കോട് - നിലമ്പൂർ റെയിൽവേ തുടങ്ങിയവ അനിവാര്യമാണെന്നും ഇതിനായി മലബാർ ഡെവലപ്മെൻറ് കൗൺസിൽ വയനാട്ടിലെ ബന്ധപ്പെട്ട സംഘടനകളുമായി സഹകരിച്ച്   ശ്രമിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വയനാടിന്റെ ടൂറിസം, വ്യവസായ രംഗത്ത് എം ഡി സി  മുൻകൈയെടുത്ത് നിരവധി പദ്ധതികളും, പ്രമുഖ കമ്പനിയുടെ  നിർമ്മാണശാലയും  തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ടൂറിസം രംഗത്ത് വയനാട്ടിൽ മുതലിറക്കുന്നതിന്  കൂടുതൽ സംരംഭകർ രംഗത്തുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൈസൂരു ട്രാവൽസിന്റെ പുതിയ ശാഖ  സുൽത്താൻ ബത്തേരിയിൽ ആരംഭിക്കുന്നത്  ഇതിനുള്ള തുടക്കമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 

വിനയകുമാർ അഴിപ്പുറത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി. കെ രമേശ്,  വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്,   വയനാട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡണ്ട് ജോണി പാറ്റാനി, സുൽത്താൻബത്തേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി വൈ മത്തായി, മുനിസിപ്പൽ കൗൺസിലർമാരായ സംഷാദ്, പ്രജിത, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസൈനാർ, അഡ്വക്കറ്റ് ടി എം റഷീദ്,  എ കെ അബ്ദുറഹിം, ബൈജു പോൾ, ജേക്കബ് ബത്തേരി, ജോസ് കപ്യാരുമല, കക്കോടൻ മുഹമ്മദ്, ഗോപകുമാർ, തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക  വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. 

മൈസൂരു ട്രാവൽസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലേഷ്യ ,  ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കുമെന്ന് ജനറൽ മാനേജർ അബ്ദുറസാഖ് അറിയിച്ചു.

Advertisment