നാടിനെ അറിഞ്ഞ് യാത്ര ചെയ്യുക: ത്ന്‍സിന്‍ ത് സുന്‍ജു ടിബറ്റന്‍ സാഹിത്യകാരന്‍ യാനം സാഹിത്യോത്സവത്തില്‍

New Update
Tenzin Tsundue
വര്‍ക്കല: വിനോദസഞ്ചാരത്തെ ഉപഭോഗത്തിനുവേണ്ടിയുള്ള പാക്കേജും  വില്പനച്ചരക്കുമാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രശസ്ത ടിബറ്റന്‍ സാഹിത്യകാരനും വിമോചന പ്രവര്‍ത്തകനുമായ ത്ന്‍സെന്‍   ത് സുന്‍ജു ആരോപിച്ചു.   നാട്ടുകാരോട് സംവദിച്ച്, നാടിനെ അറിഞ്ഞ് യാത്ര  ചെയ്ത്  ആ നാടിനോടും ജനങ്ങളോടും  സംസ്കാരത്തോടും ഇഴുകിചേരുമ്പോഴാണ് വിനോദസഞ്ചാരം അര്‍ത്ഥവത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Advertisment

യാനം യാത്രാസാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ത്ന്‍സെന്‍  
ത് സുന്‍ജു.വിനോദസഞ്ചാരം വെറും വിനോദത്തിനുള്ള ഉപാധിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അറിവ് ആ യാത്രയുടെ ലക്ഷ്യമാകണം. ഉത്തരാഖണ്ഡിലും ഹിമാലയത്തിലും അതല്ല സംഭവിക്കുന്നത്. അവിടെ പ്രാദേശിക ജനസമൂഹങ്ങളുടെ പരമ്പരാഗത ജീവിതശൈലി വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റം കാരണം മലിനപ്പെട്ടിരിക്കുന്നു. തലമുറകളായി അവര്‍ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍ ഉയരുകയാണ്. അതിന്‍റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല- പഠനവും ടിബറ്റന്‍ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവും താന്‍ ഒന്നിച്ചുകൊണ്ടുപോകുകയാണെന്ന്  ത്ന്‍സെന്‍ പറഞ്ഞു.

മണാലിയില്‍ 1970- കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി റോഡുകള്‍ നിര്‍മിക്കുന്ന തൊഴിലാളികളായിരുന്നു ത്ന്‍സെന്‍റെ മാതാപിതാക്കള്‍. ടിബറ്റന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അക്കാലത്താണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.

കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ അദ്ദേഹം രചിച്ച  പാഠപുസ്തകങ്ങളുണ്ട്. പ്രഭാഷണങ്ങള്‍ക്കും പഠനത്തിനുമായി അദ്ദേഹം ഈ സര്‍വകലാശാലകളിലെത്താറുണ്ട്. മലയാളികള്‍ അടങ്ങുന്ന ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന സംഘടനയുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അതിനായി ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കാറുണ്ട്.

കേരളവും ടിബറ്റും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുദേശങ്ങള്‍ക്കുമിടയ്ക്ക്  വ്യാപാര വഴികളുണ്ടായിരുന്നു. ടിബറ്റന്‍ മതചടങ്ങുകളില്‍ ഉപയോഗിക്കുന്ന ശംഖുകള്‍ കേരളത്തില്‍നിന്നു വന്നതാകാനേ വഴിയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രോത്സവങ്ങള്‍ക്കും തൃശൂര്‍പൂരത്തിനുമൊക്കെ ഉപയോഗിക്കുന്ന വെഞ്ചാമരം ടിബറ്റിലെ വെളുത്ത യാക്കുകളുടെ വാല്‍രോമം കൊണ്ട് നിര്‍മിച്ചതാണ്.

യാത്രാനുഭവങ്ങളും എഴുത്തും കൈമാറാനുള്ള ഒരു സാഹിത്യോത്സവം പുതുമയാണെന്ന് ത്ന്‍സെന്‍ ത് സുന്‍ജു പറഞ്ഞു. നോവലിതര രചനകള്‍ക്കുള്ള 2001-ലെ ഔട്ട്ലുക്ക്-പിക്കാഡോര്‍ അവാര്‍ഡ് അദ്ദേഹത്തിന്‍റെ 'മൈ കൈന്‍്ഡ് ഓഫ് എക്സൈല്‍' (എന്‍റേതായ പ്രവാസം) എന്ന പുസ്തകത്തിനായിരുന്നു. ടിബറ്റിലൂടെയുള്ള തന്‍റെ നഗ്നപാദ യാത്രാനുഭവങ്ങളും ഹിമാലയ ദൃശ്യാനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്‍റെ പ്രമേയം. ഇതുള്‍പ്പെടെ അദ്ദേഹത്തിന്‍റെ നിരവധി പുസ്തകങ്ങള്‍ വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ക്രോസിങ് ദ ബോര്‍ഡര്‍, കോര, സെംഷൂക്,  ത് സെന്‍ ഗോള്‍ എന്നിവ അദ്ദേഹത്തിന്‍റെ  രചനകളാണ്.

Advertisment