കോട്ടയം: 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ നിറഞ്ഞാടിയത് ആദിവാസി ഗോത്രകലകളാണ്. എല്ലാ കോണില്‍ നിന്നും പ്രശംസ.. അംഗീകാരം.
പക്ഷേ, കുട്ടികള്‍ നേരിട്ട പ്രധാന പ്രശ്‌നം അവര്‍ക്കു പഠിപ്പിച്ചു നല്‍കാന്‍ ആരും ഇല്ലാ എന്നുള്ളതായിരുന്നു.
.
എന്നാല്‍, ബാക്കിയുള്ളവരാകട്ടേ യൂട്യൂബില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന പാട്ടുകളും നൃത്തവും ഒക്കെ കണ്ടു പഠിച്ചാണ് എത്തിയത്.
പണിയനൃത്തത്തിന്റെ ഒറ്റ പാട്ടു മാത്രമാണു യൂട്യൂബില്‍ ലഭ്യമായിരുന്നത്. ഇതോടെ ഒറ്റ പാട്ടായിരുന്നു ഭൂരിഭാഗം മത്സരാര്‍ഥികള്‍ അവതരിപ്പിച്ചതും.
ഇരുള നൃത്തം, പണിയ നൃത്തം, പളിയ നൃത്തം, മംഗലംകളി, മലപ്പുലയ ആട്ടം എന്നീ അഞ്ച് ഇനങ്ങളാണ് ഇത്തവണ വേദിയിലേറിയത്.
ഗോത്രവിഭാഗങ്ങളുടെ കലാരൂപങ്ങളെ സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്നു വര്‍ഷങ്ങളായി ആവശ്യമുയര്‍ന്നിരുന്നു.
മറ്റു കലാരൂപങ്ങള്‍ക്കു കലോത്സവങ്ങളിലൂടെ വലിയ ജനപ്രീതിയും സ്വീകാര്യതയും ലഭിച്ചപ്പോള്‍ ഗോത്രകലകള്‍ വേദികള്‍ക്ക് അന്യമായി നിന്നു. ഇത് ഒരു സാംസ്‌കാരികമായ മാറ്റിനിര്‍ത്തലായിക്കൂടി വിലയിരുത്തപ്പെട്ടു.
പൊതുസമൂഹത്തിന് മുന്നിലും ഗോത്രകലകള്‍ക്കു വേണ്ടത്ര ദൃശ്യത കിട്ടാതെയായി. സംസ്‌കൃതോത്സവവും അറബി സാഹിത്യോത്സവവും കലോത്സവത്തിന്റെ ഭാഗമായുണ്ട്.
തമിഴ്, കന്നട, തുളു തുടങ്ങിയ ഭാഷാ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്ന മത്സരങ്ങള്‍ വരെ കലോത്സവങ്ങളില്‍ ഉള്‍പ്പെട്ടിട്ടും കേരളത്തിൻ്റെ ഗോത്രകലകള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
കലോത്സവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുവായും ആദിവാസി ഗോത്ര വിഭാഗങ്ങളുടെ കലകളെ സംരക്ഷിക്കാന്‍ സാംസ്‌കാരിക വകുപ്പു മുന്‍പു തയ്യാറായിരുന്നില്ല. കലകളെ പ്രോത്സഹിപ്പിക്കാന്‍ പദ്ധതികളും ആവിഷ്‌കരിച്ചില്ല.
സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് എല്ലാ തരത്തിലുള്ള കലകളെയും സംസ്‌കാരിക പാരമ്പര്യത്തേയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണു സാംസ്‌കാരികകാര്യ വകുപ്പിന്റെ പ്രധാന ചുമതല.
അന്താരാഷ്ട്ര തലത്തില്‍ സാംസ്‌കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി താഴേത്തട്ടില്‍ മുതല്‍ അന്താരാഷ്ട്രതലം വരെ സാംസ്‌കാരിക അവബോധം വളര്‍ത്തുക എന്നതാണു വകുപ്പിന്റെ വിശാലമായ പ്രവര്‍ത്തന മേഖലയില്‍ പെടുന്നത്.
ജനങ്ങളുടെ അടിസ്ഥാനപരമായ സാംസ്‌കാരിക മൂല്യങ്ങളേയും സൗന്ദര്യാവബോധത്തെയും വിവിധ മാര്‍ഗങ്ങളിലൂടെ സജീവവും ചലനാത്മകവുമാക്കുക എന്നതാണു വകുപ്പിന്റെ ലക്ഷ്യം. പക്ഷേ, അപ്പോഴും ഗ്രോത്ര കലകള്‍ പടിക്കു പുറത്തായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു സമാപനമാകുമ്പോള്‍ കുറിക്കപ്പെടുന്നതു പുതിയൊരു അധ്യായം കൂടിയാണ്. ഇനിയുള്ള നാളുകളില്‍ കലോത്സവത്തിനു പുറത്തേക്കും ഇത്തരം കലകളെ കൊണ്ടു വരാനും സാംസ്‌കാരിക വകുപ്പ് തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.