കൽപ്പറ്റ: ആദിവാസി കുടിലുകൾ പൊളിച്ച് മാറ്റിയ വനം വകുപ്പിനെതിരെ പ്രതിഷേധം. തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ മൂന്നു കുടുംബങ്ങൾ വർഷങ്ങളായി താമസിച്ച് വന്നിരുന്ന കൂരകളാണ് വനം വകുപ്പ് പൊളിച്ച് മാറ്റിയത്.
ബദൽ സംവിധാനം ഒരുക്കാതെ കുടിൽ പൊളിച്ച് മാറ്റിയ സംഭവത്തിൽ തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. ഇവർക്ക് താമസ സൗകര്യം ഒരുക്കും വരെ വനം വകുപ്പിന്റെ ഡോർമെറ്ററിയിൽ താമസിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഒരു കുടുംബം മാത്രമാണ് വനഭൂമിയിൽ താമസിച്ചിരുന്നതെന്നും സ്വന്തമായി വേറെ സ്ഥലമുള്ള ഇവർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനപാലകരുടെ വിശദീകരണം.