തിരുവനന്തപുരം: ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന സംഘം പോലീസിന്റെ പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജു എന്നറിയപ്പെടുന്ന രാജേഷ്(42), ഭാര്യ രേഖ(33), നന്ദിയോട് സ്വദേശി റമോ എന്ന് അറിയപ്പെടുന്ന അരുൺ(27), ഭാര്യ ശില്പ (26)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടിൽ നിന്ന് 45 പവൻ സ്വർണമാണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ പണയം വെയ്ക്കുന്നത് കോയമ്പത്തൂരിലാണ്. കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങാനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.
കഴിഞ്ഞ മാസം 30-ന് പാലോട് സ്റ്റേഷൻ പരിധിയിലെ ആലംപാറയിലെ തമിഴ്നാട് സ്വദേശിയായ മാരീശന്റെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 2 ലക്ഷം രൂപയും മോഷ്ടിച്ചു. ഇവിടെ നിന്നും പ്രതികൾ മോഷണം നടത്തിയ ശേഷം കോയമ്പത്തൂരിലേക്ക് പോയി. ശേഷം ഇവർ വീണ്ടും പാലോട് എത്തി.
ഗേറ്റ് പൂട്ടിയിട്ട നിലയിൽ കാണപ്പെടുന്ന ആളില്ലാത്ത വീടുകൾ നോക്കി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തുവന്നത്. ഇങ്ങനെ മോഷണം നടത്തുന്ന സ്വർണം ഇവരുടെ ഭാര്യമാരെക്കൊണ്ട് ബാങ്കിൽ പണയം വയ്പ്പിക്കുകയായിരുന്നു.