തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയിൽവെ ട്രാക്കിലൂടെ നടന്നുവരികയായിരുന്ന മധ്യവയസ്കനെ അത്ഭുതകരമായി രക്ഷിച്ചു ലോക്കോ പൈലറ്റ്. കേരള- തമിഴ്നാട് അതിർത്തിയിൽ പാറശ്ശാലയ്ക്കും കളിയക്കാവിളക്കും ഇടയിലാണ് സംഭവം.
ലോക്കോ പൈലറ്റ് ഇയാളെ ദൂരെ നിന്നു തന്നെ കാണുകയും ഹോൺ അടിച്ചു ആളെ മാറ്റാൻ നോക്കിയെങ്കിലും ഇയാൾ ട്രാക്കിൽ നിന്ന് മാറാൻ തയ്യാറാകാതെ ട്രയിനിനു നേരെ തന്നെ നടക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിറുത്തി.
ഇയാളുടെ തൊട്ടടുത്ത് എത്തി ട്രെയിൻ നിന്നെങ്കിലും ട്രെയിനിനു മുന്നിലെ ഗ്രിൽ ആളിന്റെ ദേഹത്തു തട്ടി. ഈ ഇടിയുടെ ആഘാതത്തിൽ മധ്യവയസ്കൻ ട്രെയിനിന്റെ മുൻവശത്തെ ഗ്രില്ലിന് ഉള്ളിൽ കുടുങ്ങി. തുടർന്ന് യാത്രക്കരും, പൊലീസും ചേർന്ന് ആളിനെ പുറത്തെടുത്തു.
പരിക്കുകളോടെ ഇദ്ദേഹത്തെ പാറശ്ശാലയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം നെടുവാൻവിള സ്വദേശിയാണ് അപകടത്തിൽ പെട്ടത്. ആത്മഹത്യാ ശ്രമമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.