ആറ്റിങ്ങൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ഗീതാഞ്ജലിയിൽ കവിതയാണ് (46) അറസ്റ്റിലായത്. അഞ്ചുതെങ്ങ് കായിക്കര സ്വദേശി അജിതയുടെ പരാതിയിലാണ് അറസ്റ്റ്
മകനും ഭർത്താവിനും വിദേശരാജ്യത്ത് ജോലി നൽകാമെന്നു പറഞ്ഞു 4 ലക്ഷത്തിലധികം രൂപയാണ് പ്രതി കൈക്കലാക്കിയത്. വിദേശത്തുള്ള ഹൈപ്പർമാർക്കറ്റിന്റെ വ്യാജ ഓഫർലെറ്റർ കാണിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതിനെത്തുടർന്ന് അജിത പണം തിരികെയാവശ്യപ്പെട്ടു. ഇതോടെ കവിതയ്ക്കുവേണ്ടി ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ജയരാജ് പരാതിക്കാരിക്ക് വാങ്ങിയ തുകയ്ക്കുള്ള ചെക്ക് തപാൽ മാർഗം അയച്ചു കൊടുത്തെങ്കിലും പണമില്ലെന്നു കാണിച്ച് ചെക്ക് തിരിച്ചു വന്നതോടെ അജിത തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി.
തുടർന്നാണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. കവിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.