ആറ്റിങ്ങല്‍: അറവുശാലയിലേക്ക് കൊണ്ടുവന്ന കാള വിരണ്ടോടി റോഡിലൂടെ നടന്നുപോയ സ്ത്രീയെ ഇടിച്ചുവീഴ്ത്തി. ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി ബിന്ദുകുമാരിയെയാണ് (55) ഇടിച്ചിട്ടത്. വീണ് തലയ്ക്ക് പരിക്കേറ്റ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ആലംകോട് സ്വദേശി അറവുശാലയിലേക്ക് കൊണ്ടുവന്ന മൃഗങ്ങളുടെ കൂട്ടത്തിലുള്ളതായിരുന്നു വിരണ്ടോടിയ കാള. കാളയെ വാഹനത്തില്‍നിന്ന് പുറത്തിറക്കുമ്പോള്‍ മൂക്കുകയര്‍ പൊട്ടിപ്പോയി. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാള പുറത്തേക്കിറങ്ങിയോടി.
അക്രമത്തിനു ശേഷം കാള ആരെയും അടുപ്പിക്കാതെ ക്ഷേത്രമൈതാനത്ത് നിലയുറപ്പിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടുമണിക്കൂറിന് ശേഷം കാളയെ പിടിച്ചുകെട്ടി. ഇതോടെയാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞത്.