തിരുവനന്തപുരം: കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരിപാടിയുടെ ഗുഡ് വില്‍ അംബാസഡറായ മഞ്ജു വാര്യര്‍.
'എന്റെ അമ്മ കാന്‍സര്‍ അതിജീവിതയാണ്, എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണ്. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാന്‍സര്‍ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാംപയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിങ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ലോക കാന്‍സര്‍ ദിനത്തില്‍ തന്നെ പരിപാടിക്ക് തുടക്കമിടാന്‍ കഴിഞ്ഞത് പ്രത്യേകതയാണെന്നും കാന്‍സര്‍ രോഗത്തിനും ചികിത്സയ്ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ട ക്യാംപയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. മാര്‍ച്ച് 8 ലോക വനിതാ ദിനത്തില്‍ അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിന്‍. സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും. ഒരു വര്‍ഷം കൊണ്ട് എല്ലാവരെയും ക്യാംപയിന്റെ ഭാഗമാക്കി കാന്‍സര്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.