മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി

New Update
Pic
തിരുവനന്തപുരം:രാജ്യത്തെ മികച്ച പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകള്‍ക്കായി ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) ഏര്‍പ്പെടുത്തിയ 2024-25 വര്‍ഷത്തെ അവാര്‍ഡ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് (ടിഎംഎ) സമ്മാനിച്ചു.
Advertisment

ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന 52-ാമത് നാഷണല്‍ മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്ളയില്‍ നിന്ന് ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് പുരസ്കാരം ഏറ്റുവാങ്ങി.

എഐഎംഎ യുടെ മുന്‍ പ്രസിഡന്‍റും ഡെംപോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയര്‍മാനുമായ ശ്രീനിവാസ് ഡെംപോയുടെ അധ്യക്ഷതിലുള്ള ജൂറി നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 2024-25 ലെ മികച്ച എല്‍എംഎ-കാറ്റഗറി 4 ല്‍ എതിരില്ലാതെ ടിഎംഎ യെ തെരഞ്ഞെടുത്തത്.

എഐഎംഎ പ്രസിഡന്‍റ് സുനീറ്റ റെഡ്ഡി, സെക്രട്ടറി ജനറല്‍ രേഖ സേതി, സീനിയര്‍ വൈസ് പ്രസിഡന്‍റ് ടി വി നരേന്ദ്രന്‍, വിശാല്‍ കൃപാലിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

68 പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ (എല്‍എംഎ) നിന്ന് ടിഎംഎ യെ വ്യത്യസ്തമാക്കുന്നതാണ് ഈ പുരസ്കാരം. ദ്രുതഗതിയില്‍ വളരുന്ന ബിസിനസ് സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കാന്‍ പ്രൊഫഷണല്‍ മാനേജര്‍മാരെ സഹായിക്കുന്നതിനാണ് എഐഎംഎ സ്ഥാപിതമായിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി എല്‍എംഎ യുടെ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വ്യാപകമായിട്ടുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, മാനേജ്മെന്‍റ് വികസന പരിപാടികള്‍, വന്‍കിട കണ്‍വെന്‍ഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എല്‍എംഎ കള്‍ നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനായി 1988-89 കാലയളവിലാണ് എഐഎംഎ ബെസ്റ്റ് എല്‍എംഎ അവാര്‍ഡ് മത്സരം ആരംഭിച്ചത്. പങ്കെടുക്കുന്ന എല്‍എംഎ കളുടെ നവീന രീതികളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം.

നിഷ്പക്ഷമായി മത്സരം നടത്തുന്നതിന് എല്ലാ എല്‍എംഎ കളുടെയും വോട്ടുകളുടെ എണ്ണം, സ്ഥാപിതമായ വര്‍ഷം എന്നിവ അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ അസോസിയേഷനുകളുടെയും മികവ് പ്രത്യേകമായി അംഗീകരിക്കപ്പെടുന്നു.
Advertisment