കൊച്ചി: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല.
ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്.
ശേഷിക്കുന്നവ ഇന്ന് രാത്രിയോടെ തിരികെ എത്തും. 52 ദിവസത്തെ വിശ്രമത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലെ ഇനി ബോട്ടുകൾ കടലിലേക്കു പോകു.
ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽകാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമെ ഹാർബറുകളിൽൽ പിന്നെ ഉണ്ടാകു.
ബോട്ടുകൾക്കാകട്ടെ ഇനിയുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കുകൾ ആകും. വർക്ക് ഷോപ്പുകളും, യാർഡുകളുമൊക്കെ സജീവമാകും.
എന്നാൽ കഴിഞ്ഞ സീസണിൽ നാരൻ ചെമ്മീന്റെ സാന്നിധ്യം കടലിൽ കുറവായിരുന്നു. അതിനു പകരം നിറയെ ചാള നൽകി കടലമ്മ ദിവസങ്ങളോളം വള്ളക്കാരെ അനുഗ്രഹിച്ചു. ഇന്നും ആ ചാളയുടെ സാന്നിധ്യം തീരക്കടലിൽ സജീവമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി മൺസൂൺ വൻ പ്രതീക്ഷയാണ് നൽകുന്നത്.