/sathyam/media/media_files/hzusuN9jmkcJIvkNUNbW.jpg)
മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു വ്യക്തി ആഴ്ചയിൽ മൂന്നിൽ താഴെ തവണയാണ് മലവിസർജ്ജനം ചെയ്യുന്നതെങ്കിൽ മലബന്ധ പ്രശ്നമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വ്യായാമത്തിന്റെ അഭാവം, ഭക്ഷണത്തിലെ നാരുകൾ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
ഒരു പുതിയ പഠനത്തിൽ മലബന്ധം കുടലിന്റെ ആരോഗ്യത്തിന് മാത്രമല്ല വൈജ്ഞാനിക പ്രവർത്തനത്തിനും ദോഷകരമാണെന്ന് ഗവേഷകർ കണ്ടെത്തി. കോഗ്നിറ്റീവ് ഫംഗ്‌ഷൻ എന്നത് ഒരു വ്യക്തിയുടെ മാനസിക ശേഷിയെ സൂചിപ്പിക്കുന്നു. അതിൽ ചിന്ത, തീരുമാനമെടുക്കൽ, ഓർമ്മ, ശ്രദ്ധ എന്നിവ ഉൾപ്പെടുന്നു.
മലവിസർജ്ജനം കുറവുള്ള ആളുകൾക്ക് നല്ല ബാക്ടീരിയകൾ കുറവായിരിക്കും. വീക്കം മൂലമുണ്ടാകുന്ന മോശം ബാക്ടീരിയകൾ കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. മലബന്ധം ഒഴിവാക്കാനായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാരുകളുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.
മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകൾ സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൃത്യസമയംതന്നെ മലശോധനയ്ക്കായി മാറ്റിവയ്ക്കാൻ ശീലിക്കണം. ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.