/sathyam/media/media_files/l46M1GbKn5lwesS8CvyT.jpg)
തിരുവനന്തപുരം: വീടുകളിലടക്കം വൈദ്യുതി ഉപയോഗം കൂടുമ്പോൾ നിയന്ത്രിക്കാൻ ആർട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി. വൈദ്യുതി ലോഡിൽ ചരിത്രത്തിലാദ്യമായി ഏപ്രിൽ-മെയ് മാസത്തിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വൈദ്യുതിവകുപ്പിൻ്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില എഐ എജൻസികളുമായും വൈദ്യുതിവകുപ്പ് ചർച്ചചെയ്തിട്ടുണ്ടെന്നാണ് വിവരം.
മെയ് മാസം ആദ്യവാരത്തിൽ 5797 മെഗാവാട്ടാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിയെത്തിക്കാനുള്ള ലൈൻ ശേഷി 4200 മെഗാവാട്ട്. കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്നത് 1600 മെഗാവാട്ട്. ആകെ 5800 മെഗാവാട്ടാണ്. ഇതിനുമുകളിൽ രേഖപ്പെടുത്തിയാൽ ലോഡ് ഷെഡ്ഡിങ് മാത്രമാണ് ഒരുവഴിയുള്ളത്. ഇത് ആവർത്തിക്കാതിരിക്കാനാണ് എഐ ബോധവത്കരണംകൊണ്ട് വൈദ്യുതിവകുപ്പ് ലക്ഷ്യമിടുന്നത്.
മുംബൈയിൽ ദി ബൃഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിങ് (ബെസ്റ്റ്) ഈ സംവിധാനം നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ പഠിക്കുകയാണ്. ഈ സംവിധാനത്തിലൂടെ മുൻവർഷങ്ങളിൽ ഉപയോഗിച്ച വൈദ്യുതി ലോഡ്, ഇപ്പോഴുണ്ടായ വർധന, അത് കുറയ്ക്കാനുള്ള മാർഗം ഉൾപ്പെടെ എല്ലാം എഐ പറഞ്ഞുതരും.