തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നത്തെ പ്രധാന ചർച്ച രണ്ടു ബസ് തന്നെ. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള റോബിൻ ബസും കാസർകോട് നവകേരള സദസിനുള്ള കെ എസ് ആർ ടി സി യുടെ ആഡംബര ബസും.
ഒരു അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും മുഴുവൻ എടുത്ത് തുടങ്ങിയ ഒരു ബസിനെ നിയമത്തിന്റെ സർവ സന്നാഹവും ഉപയോഗിച്ച് ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുകുമ്പോൾ മറുവശത്ത് സർക്കാരിന്റെ ബസിനായി നിയമം തരം പോലെ വഴി മാറി.
രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയും ചുമത്തി.
പിഴ ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടർന്നു. പിന്നാലെ പാലായ്ക്ക് മുമ്പ് ഇടപ്പാടിയിലും വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.
സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തിയതെന്നാണ് എംവിഡിയുടെ വിശദീകരണം. ബസ് പിടിച്ചെടുക്കാതിരുന്നതിനാൽ യാത്ര തുടരുകയാണ്.
എന്താണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് റോബിൻ ബസിനോട് മാത്രമിത്ര വിരോധമെന്ന ചോദ്യമാണ് ഏവരും ഉയർത്തുന്നത്. സംഗതി സിംപിൾ. ഗതാഗത മന്ത്രിക്കെതിരെ ചില അപ്രിയ സത്യങ്ങൾ റോബിൻ ബസിന്റെ ഉടമ ഗിരീഷ് പറഞ്ഞിരുന്നു. ഇത് തന്നെയാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് ഗിരീഷ് ഇന്നും ആവർത്തിക്കുന്നു.
പുലർച്ചെ അഞ്ച് മണി മുതൽ ഈയൊരു ബസിനെ മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് സജ്ജമായത് ഈ പകപോക്കൽ തന്നെയെന്ന് വ്യക്തം. ഇതിനെതിരെയുള്ള ജനരോഷം കൂടിയാണ് ഇന്ന് ഈ ബസിനും ഉടമയ്ക്കും കിട്ടുന്ന സ്വീകരണം.
പലയിടത്തും നൂറുകണക്കിന് ആളുകളാണ് മാലയും ബൊക്കെയുമായി ബസിനെ സ്വീകരിക്കാൻ എത്തിയത്. ഇവരൊക്കെ സർക്കാരിന്റെ നടപടികളെ വിമർശിക്കുയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് നമ്പർ പോലും മറച്ച് കേരളത്തിലേക്ക് എത്തിക്കുന്നു. കളർ കോഡ് പോലും സർക്കാർ ബസിനായി മാറ്റുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് വാഹനത്തിൽ മറ്റ് ആഡംബര സംവിധാനങ്ങൾ ഒരുക്കിയത്.
നിയമമൊക്കെ സർക്കാരിന് വേണ്ടി തരം പോലെ മാറി. ഇതു തന്നെയാണ് കേരളം ചർച്ച ചെയ്യുന്നത്. സർക്കാരിന്റെ പ്രതികാര നടപടി നേരിടുന്ന റോബിൻ ബസിനെ താരമാക്കുന്നതും ഇതു തന്നെയാണ്.