/sathyam/media/media_files/2025/09/05/kcl-3-2025-09-05-18-24-25.jpg)
തിരുവനന്തപുരം: തൃശൂർ ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിൻ്റെ ആധികാരിക വിജയവുമായി കൊല്ലം സെയിലേഴ്സ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കൊല്ലം ഫൈനലിലെത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത തൃശൂർ 17.1 ഓവറിൽ 86 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം പത്താം ഓവറിൽ ലക്ഷ്യത്തിലെത്തി. അമൽ എ ജിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
തൃശൂർ ബാറ്റിങ് നിരയ്ക് എല്ലാം പിഴച്ചൊരു ദിവസം. മറുവശത്ത് അവസരങ്ങളെല്ലാം മുതലാക്കി കൊല്ലം സെയിലേഴ്സും. ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നിൻ്റെ അവിശ്വസനീയമായ തകർച്ചയ്ക്കായിരുന്നു സെമി ഫൈനൽ സാക്ഷ്യം വഹിച്ചത്.
/filters:format(webp)/sathyam/media/media_files/2025/09/05/kcl-4-2025-09-05-18-24-44.jpg)
ആദ്യ വിക്കറ്റ് തന്നെ ഭാഗ്യം തൃശൂരിനൊപ്പമല്ലെന്ന സൂചന നല്കി. അഹ്മദ് ഇമ്രാൻ്റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത്, ദേഹത്ത് തട്ടിയുരുണ്ട് നീങ്ങി സ്റ്റമ്പിലേക്ക്. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാൻ്റെ മടക്കം.
അടുത്തത് ക്യാപ്റ്റൻ ഷോൺ റോജറുടെ ഊഴമായിരുന്നു. ഒരു ബൌണ്ടറിയോടെ തുടക്കമിട്ട ഷോൺ റോജറെ എ ജി അമലാണ് പുറത്താക്കിയത്. നിലയുറപ്പിച്ചെന്ന് തോന്നിച്ച ആനന്ദ് കൃഷ്ണനും ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താകുമ്പോൾ തൃശൂരിൻ്റെ തകർച്ചയുടെ തുടക്കമായി. അഹ്മദ് ഇമ്രാൻ 13ഉം ആനന്ദ് കൃഷ്ണൻ 23ഉം ഷോൺ റോജർ ഏഴു റൺസുമായിരുന്നു നേടിയത്.
/filters:format(webp)/sathyam/media/media_files/2025/09/05/kcl-5-2025-09-05-18-25-18.jpg)
അക്ഷയ് മനോഹർ, അജു പൌലോസ്, സിബിൻ ഗിരീഷ്, എ കെ അർജുൻ, വരുൺ നായനാർ. കരുത്തന്മാരടങ്ങുന്ന തൃശൂരിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.
ഇമ്രാനും ആനന്ദ് കൃഷ്ണനുമൊഴികെ ആർക്കും രണ്ടക്കം പോലും കടക്കാനായില്ല. കൊല്ലത്തിൻ്റെ ബൌളർമാർ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡിങ്ങുമായി ടീമൊന്നാകെ പിന്തുണ നല്കി. പവൻ രാജ്, എ ജി അമൽ, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിൻ്റെ ബൌളിങ് നിരയ്ക്കായില്ല. കരുതലോടെ തുടങ്ങിയ കൊല്ലത്തിൻ്റെ ഓപ്പണർമാർ പിന്നീട് മികച്ച ഷോട്ടുകളിലൂടെ അനായാസം റണ്ണുയർത്തി.
ഭരത് സൂര്യ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ മറുവശത്ത് അഭിഷേക് ജെ നായർ മികച്ച പിന്തുണ നല്കി. 31 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 56 റൺസായിരുന്നു ഭരത് സൂര്യ നേടിയത്. അഭിഷേക് ജെ നായർ 28 പന്തുകളിൽ നിന്ന് 32 റൺസും നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us