/sathyam/media/media_files/2025/09/05/kcl-6-2025-09-05-23-40-04.jpg)
തിരുവനന്തപുരം: കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎല്ലിൻ്റെ ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ കൊല്ലം സെയിലേഴ്സാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ എതിരാളി.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിയ്ക്കായി ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്സ് ഇടയ്ക്ക് മന്ദഗതിയിലായി.
എന്നാൽ അവസാന ഓവറുകളിൽ വീണ്ടും കൂറ്റൻ ഷോട്ടുകൾ വന്നതോടെ മികച്ചൊരു ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. വിനൂപ് മനോഹരനൊപ്പം കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്സ് തുറന്നത് വിപുൽ ശക്തിയായിരുന്നു.
രണ്ടാം ഓവറിൽ അൻഫലിനെതിരെ തുടരെ നാല് ഫോറുകൾ നേടിയാണ് വിപുൽ കൊച്ചിയുടെ സ്കോറിങ്ങിന് തുടക്കമിട്ടത്.
എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും പുറത്താക്കി മനു കൃഷ്ണൻ കാലിക്കറ്റിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. വിനൂപ് 16ഉം മൊഹമ്മദ് ഷാനു ഒരുണ്ണെടുത്തും മടങ്ങി.
പത്താം ഓവറിൽ കൊച്ചിയ്ക്ക് വീണ്ടും രണ്ട് വിക്കറ്റുകൾ നഷ്ടമായി. 37 റൺസെടുത്ത വിപുൽ ശക്തിയെയും സാലി സാംസനെയും ഹരികൃഷ്ണൻ മടക്കി.
തുടർന്ന് അജീഷിനും മൊഹമ്മദ് ആഷിക്കിനുമൊപ്പം നിഖിൽ തോട്ടത്തിൻ്റെ കൂട്ടുകെട്ടുകളാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. അജീഷ് 20 പന്തുകളിൽ 24ഉം, മൊഹമ്മദ് ആഷിഖ് പത്ത് പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റൺസും നേടി.
36 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 64 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി മനു കൃഷ്ണനും ഇബ്നുൾ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒൻപത് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.
12 പന്തുകളിൽ 23 റൺസ് നേടിയ അമീർഷായെ കെ എം ആസിഫ് ക്ലീൻ ബൌൾഡാക്കി. വൈകാതെ 15 റൺസുമായി അജ്നാസും മടങ്ങി. അഖിൽ സ്കറിയയും അൻഫലും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ 13ആം ഓവറിൽ അൻഫലിനെയും സച്ചിൻ സുരേഷിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് കളിയുടെ ഗതി കൊച്ചിയ്ക്ക് അനുകൂലമാക്കി.
തുടർന്നെത്തിയ കൃഷ്ണദേവൻ പതിവു പോലെ തകർത്തടിച്ച് മുന്നേറി. 13 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ കൃഷ്ണദേവൻ ഒരു ഘട്ടത്തിൽ കൊച്ചി ആരാധകരുടെ സമ്മർദ്ദമുയർത്തി. എന്നാൽ ടീമിന് നിർണ്ണായക വഴിത്തിരിവൊരുക്കി മൊഹമ്മദ് ആഷിഖ് വീണ്ടും രംഗത്തെത്തി.
ബൌണ്ടറിക്കരികിൽ നിന്നുള്ള ആഷിഖിൻ്റെ ഡയറക്ട് ത്രോയിൽ കൃഷ്ണദേവൻ റണ്ണൌട്ടാകുമ്പോൾ കൊച്ചിയ്ക്ക് വിജയത്തിലേക്കുള്ള വഴിയൊരുങ്ങി. ഇരുപതാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്സും നേടിയ അഖിൽ സ്കറിയ അവസാനം വരെ പോരാടിയെങ്കിലും കാലിക്കറ്റിൻ്റെ മറുപടി 171 അവസാനിച്ചു.
37 പന്തുകളിൽ 72 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആഷിഖാണ് കൊച്ചി ബൌളിങ് നിരയിൽ തിളങ്ങിയത്.