ആശങ്ക പരത്തി അമീബിക്ക് മസ്തിഷ്‌ക ജ്വരം. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 5 പേർ. സംസ്ഥാനത്ത് നിന്നും നിർമാർജ്ജനം ചെയ്ത കോളറ ബാധിച്ചും മരണം. ചികിത്സാ രംഗത്തും പലതരം വീഴ്ച്ചകൾ. എങ്ങുമെത്താതെ മന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങളും. പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങളും ഉയർന്നു. ഇരുട്ടിൽതപ്പി ആരോഗ്യ വകുപ്പ്

ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ചുപേർ മരിച്ചിട്ടും കേരളത്തിൽ മരണനിരക്ക് കുറവാണെന്ന വാദമുയർത്തി കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ക്ലോറിൻ കലക്കിയൊഴിക്കുക മാത്രമാണ് ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന ഒരേയോരു പ്രതിരോധപ്രവർത്തനം.

New Update
amoebic meningoencephalitis
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ വീഴ്ച്ച വ്യക്തമാക്കി അമീബിക്ക് മസ്തിഷ്‌കജ്വരം കവർന്നെടുത്തത് സംസ്ഥാനത്തെ 5 ജീവനുകൾ. ഇക്കഴിഞ്ഞ ഒരു മാസത്തിലാണ് മസ്തിഷ്‌ക്കജ്വരം ബാധിച്ച് അഞ്ച് പേർ വിവിധയിടങ്ങളിൽ മരണമടഞ്ഞത്.


Advertisment

2016 ൽ ആലപ്പുഴയിലാണ് ഈ മാരകരോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം കേസുകൾ അപൂർവ്വമായിരുന്നെങ്കിലും, സമീപകാലത്ത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗികളിൽ മിക്കവരും മലിനവും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവരാണ്.


മലിനജലം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിൽ എത്തുകയും അണുബാധ ഉണ്ടാക്കുകയും തുടർന്ന് മരണകാരണമാകുകയുമാണ്. അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് പത്തുവർഷമായിട്ടും മാരകരോഗത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് ഗൗരവമായി കണ്ടിട്ടില്ലെന്ന വസ്തുതയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.  

ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ചുപേർ മരിച്ചിട്ടും കേരളത്തിൽ മരണനിരക്ക് കുറവാണെന്ന വാദമുയർത്തി കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ക്ലോറിൻ കലക്കിയൊഴിക്കുക മാത്രമാണ് ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന ഒരേയോരു പ്രതിരോധപ്രവർത്തനം.


കോടികൾ മുടക്കി സ്ഥാപിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങളിൽ പോലും ഇതേപ്പറ്റി കാര്യമായ പഠനങ്ങളോ പ്രതിരോധത്തിനുള്ള ഗൗരവതരമായ ഒരുക്കങ്ങളോ നടക്കുന്നില്ല.  


രോഗം ബാധിച്ചശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നത് തടയാനുള്ള അവബോധ പരിപാടികളിൽ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. അമീബിക് മസ്തിഷ്‌കജ്വരത്തിന് ആഗോളതലത്തിൽ 97 ശതമാനം വരെയാണ് മരണനിരക്കെന്നും കേരളത്തിൽ അത് 26 ശതമാനം മാത്രമാണെന്നുമുള്ള മേനിപറച്ചിലാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

ഇതിന് പുറമേ നിരവധി ചികിത്സാപ്പിഴവുകളാണ് ഈ സർക്കാരിന്റെ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ഘടിപ്പിച്ച ഗൈഡ് വയർ പുറത്തെടുക്കാതെ പഴി കേൾക്കുന്ന സർജറി വിഭാഗവും, പ്രസവത്തിനുശേഷം വയറിനുള്ളിൽ കുടുങ്ങിയ പഞ്ഞി പുറത്തെടുക്കാതെ ഗൈനക്കോളജി വിഭാഗം, ഇടതുകാലിനു പകരം വലതുകാലിൽ ചെയ്ത ശസ്ത്രക്രിയ വിജയമാണെന്ന് പ്രഖ്യാപിച്ച് അസ്ഥിരോഗ ചികിത്സാ വിഭാഗം മേധാവിയും, ഇടതുകണ്ണിനു പകരം വലതുകണ്ണിൽ കുത്തിവയ്പെടുക്കുന്ന കണ്ണ് ഡോക്ടറും ഏഴുവയസുകാരന് മൂക്കിനു പകരം വയറിൽ ശസ്ത്രക്രിയ ചെയ്ത മെഡിക്കൽ കോളേജിലെ സംഭവവവും വകുപ്പിന്റെ വീഴ്ച്ചകൾ അക്കമിട്ട് നിരത്തുന്നവയാണ്. 


രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ മുതൽ നിരവധി വിവാദങ്ങളാണ് ആരോഗ്യ വകുപ്പിലുണ്ടായത്. ആരോഗ്യരംഗത്തെ വീഴ്ചകൾ കാരണം കഴിഞ്ഞ നാലുവർഷത്തിനിടെ 40 ലേറെ അന്വേഷണങ്ങളാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്.


എന്നാൽ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. പരാതികളും അന്വേഷണ റിപ്പോർട്ടുകളും ആരോഗ്യ വകുപ്പു മന്ത്രിയുടെയും ഡയറക്ടറുടെയും മേശപ്പുറത്ത് ഫയലുകളായി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഒരു പരാതിയിലും കർശന നടപടി ഉണ്ടായിട്ടില്ല.

2023 ൽ സംസ്ഥാനത്ത് 974 പേർക്കും 2024ൽ 7000 ത്തിലധികം പേർക്കും ഹെപ്പറ്റെറ്റിസ് എ സ്ഥിരീകരിച്ചു. 3000 ത്തിലധികം പേർക്ക് എച്ച്.വൺ.എൻ.വൺ സ്ഥിരീകരിച്ചപ്പോൾ അത്ര പരിചിതമല്ലാത്ത എം.പോക്‌സ് എന്ന രോഗം ആറുപേർക്കും ഷിഗെല്ല 117 പേർക്കും വെസ്റ്റ് നൈൽ പനി 29 പേർക്കും സ്ഥിരീകരീച്ചു.

2023 നേക്കാൾ പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങളും 2024 ൽ സംസ്ഥാനത്ത് വർധിച്ചു. എലിപ്പനി മൂലമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചത്. നിപ ബാധിച്ചും ഒരാൾ മരിച്ചിട്ടുണ്ട്.

Advertisment