/sathyam/media/media_files/2025/09/11/b-ashok-2-2025-09-11-19-31-18.jpg)
തിരുവനന്തപുരം: കൃഷിവകുപ്പിൽ നിന്നും പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകനെ മാറ്റാനുള്ള നീക്കം ആസൂത്രിതമെന്ന് സൂചനകൾ പുറത്തുവരുന്നു.
ആറുമാസത്തിനുള്ളിൽ രണ്ട് തവണയാണ് വകുപ്പിൽ നിന്നും അശോകനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ രണ്ട് ഉത്തരവുകളെയും നിയമ വഴിയിലൂടെ നേരിട്ട അദ്ദേഹം സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
ഈ കഴിഞ്ഞ ജൂണിലാണ് അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷനായി സർക്കാർ നിയമിച്ചത്. എന്നാൽ ഇതിനെതിരെ അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
കേഡറിന് പുറത്തുള്ള തസ്തികയിൽ നിയമിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ലെന്നും നിയമത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അശോകിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തുടർന്ന് കേരള പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ കൂടിയായ അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു.
ലോകബാങ്ക് പദ്ധതിയായ കേരയിൽ നിന്നും ഫണ്ട് വക മാറ്റി എന്ന വാർത്ത പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വക മാറ്റിയ പണം തിരികെ അക്കൗണ്ടിലേക്ക് നൽകണമെന്ന് ബാങ്ക് പദ്ധതിയുടെ മേധാവിയുടെ ഇമെയിൽ ചോർന്നതും ഗുരുതര പിഴവായാണ് സർക്കാർ വിലയിരുത്തിയത്.
ഇതേ തുടർന്ന് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബി അശോക് തന്നെ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു.
തുടർന്നാണ് നിലവിൽ കെ.ടി ഡി.എഫ്.സി യുടെ ചെയർമാനായി അശോകിനെ മാറ്റി നിയമിച്ചത്. എന്നാൽ ഇതിനെതിരെ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ അദ്ദേഹം സമീപിച്ചതോടെ ഉത്തരവ് വീണ്ടും റദ്ദ് ചെയ്യുകയായിരുന്നു.
ഇത്തരമൊരു ഉത്തരവിറങ്ങിയതിന് പിന്നിലും സർക്കാർ തലത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. കേര പദ്ധതിയിൽ നിന്നും ഫണ്ട് വക മാറ്റുന്നതിന് അശോക് തടസ്സം നിൽക്കുന്നുവെന്ന വിലയിരുത്തലാണ് സ്ഥലംമാറ്റ ഉത്തരവുകൾക്ക് പിന്നിലെന്നും പറയപ്പെടുന്നു.
ഭരണതലത്തിൽ സൂപ്പർ ചീഫ് സെക്രട്ടറി ചമയുന്ന ഒരു ഉദ്യോഗസ്ഥനും സിപിഎമ്മിലെ ഉന്നത നേതൃത്വവും ആണ് അശോകിനെ കൃഷിവകുപ്പിന്റെ ചുമതലയിൽ നിന്നും കേര പദ്ധതിയിൽ നിന്നും മാറ്റാനുള്ള നീക്കം നടത്തുന്നത് എന്ന വാദവും ഉയർന്നിട്ടുണ്ട്.
മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ അശോക് തയ്യാറെടുത്തിരുന്നു. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ചീഫ് കൺട്രോളറായി പോകാൻ കഴിഞ്ഞ ജൂൺ 11ന് അപേക്ഷ നൽകിയെങ്കിലും വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി എ ജയതിലക് തയ്യാറായില്ലെന്നാണ് അശോക് ഉയർത്തുന്ന വാദം.
അവസാന സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട കേസിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് വിവാദം ഉന്നയിച്ചിട്ടുള്ളത്. ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് അശോകിനെതിരെ കേസ് ഉണ്ടെന്ന് കാട്ടിയാണ് വിജിലൻസ് ക്ലിയറൻസ് തടഞ്ഞുവച്ചതെന്നും ഹർജിയിൽ പറയുന്നു.
2022 സെപ്റ്റംബറിൽ അന്നത്തെ ചീഫ് സെക്രട്ടറി തനിക്ക് അനുകൂലമായി വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തനിക്കെതിരെ ലോകായുക്തയിൽ കേസ് ഉണ്ടെന്ന് കഴിഞ്ഞ ജൂലൈയിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ജയതിലക് കുറിച്ചു.
ഇതിനു പിന്നാലെ കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് ലോകായുക്തയിൽ താൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി എന്നും ഒരു കേസും ഇല്ലെന്ന് മറുപടിയാണ് ലഭിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം താൻ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി യപ്പോൾ തനിക്ക് ക്ലിയർ നൽകിയെങ്കിലും അപ്പോഴേക്കും വി എസ് സി യിലേക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചെന്നും ഹർജിയിൽ പറയുന്നു.
പുറത്തുവന്ന വിവരങ്ങൾ പ്രകാരം ബി അശോകിനെതിരെ സർക്കാർതലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണമാണ് ശക്തിപ്പെടുന്നത്.