/sathyam/media/media_files/2024/11/09/oB58oGnZGp1llgTtBKDK.jpg)
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബിൽ നിയമസഭ പാസാക്കിയാലും അതിന് കേന്ദ്രാനുമതി ആവശ്യമായി വരും. ഇതുസംബന്ധിച്ച് നിലവിലുള്ള കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനാണ് സംസ്ഥാന സർക്കാർ ബിൽ കൊണ്ടുവരുന്നത്.
എന്നാൽ കേന്ദ്രനിയമത്തിന് വിരുദ്ധമാവുമോ എന്നതിനാൽ ബില്ലിന് ഗവർണർ അനുമതി നൽകാനിടയില്ല. സാധാരണ ഗതിയിൽ ഇത്തരം ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയാണ് ചെയ്യുക. രാഷ്ട്രപതി കേന്ദ്രസർക്കാരിന്റെ പരിശോധനയ്ക്ക് ബിൽ കൈമാറും.
കേന്ദ്രനിയമത്തിന് വിരുദ്ധമായതൊന്നും സംസ്ഥാനത്തിന്റെ ഭേദഗതിയിൽ ഇല്ലെന്ന് ഉറപ്പാക്കിയാൽ ബിൽ നിയമമായേക്കാം. പക്ഷേ കേന്ദ്രനിയമത്തിൽ കേരളം വരുത്തുന്ന ഭേദഗതി മാതൃകയാക്കി മറ്റ് സംസ്ഥാനങ്ങളും ഭേദഗതിക്ക് ഒരുങ്ങുമെന്ന് വിലയിരുത്തി ബില്ലിനെ കേന്ദ്രം എതിർക്കാനാണ് സാദ്ധ്യതയേറെ. ചുരുക്കത്തിൽ ഭേദഗതി ബിൽ വെറും തിരഞ്ഞെടുപ്പ് പ്രചാരണ ആയുധം മാത്രമാവാനാണ് സാദ്ധ്യത.
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള അനുമതി തേടി നേരത്തേ കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നതാണ്. എന്നാൽ ഇത് കേന്ദ്രവിഷയമാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കപ്പെട്ടു.
ഇതേത്തുടർന്നാണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് നിയമ നിർമ്മാണത്തിനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവന്നിരിക്കെ മലയോര മേഖയിലെ നീറുന്ന പ്രശ്നമായ വന്യജീവി ശല്യത്തിന് നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത് മലയോരത്തെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തലുണ്ട്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. കടുവ, കാട്ടാന തുടങ്ങിയ വന്യജീവികൾ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നവയും. അതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമ നിർമ്മാണം അസാദ്ധ്യമാണ്.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. പക്ഷേ, വന്യജീവി ജനവാസകേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതിന് കാലതാമസമെടുക്കും.
സിആർപിസി 133-1-എഫ് പ്രകാരം കളക്ടർക്ക് ശല്യകാരിയായ ജീവിയെ കൊല്ലാൻ ഉത്തരവിടാം. പക്ഷേ, കളക്ടറുടെ ഉത്തരവ് വന്യജീവിസംരക്ഷണ നിയമത്തിന് വിരുദ്ധമാവും. കളക്ടർ ഉത്തരവിട്ടാലും വൈൽഡ് ലൈഫ് വാർഡന്റെയും അനുമതി വേണ്ടിവരും.
നിലവിൽ കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും പുറപ്പെടുവിക്കാം.
സമാനമായ രീതിയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവ അടക്കമുള്ളവയെ കൊല്ലാനാണ് കേന്ദ്രാനുമതി തേടിയതെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്നാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
അപകടകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും അനിയന്ത്രിതമായി പെറ്റുപെരുകുന്നവയുടെ ജനനനിയന്ത്രണത്തിനും സംസ്ഥാനത്തിന് അധികാരം ലഭിക്കുന്ന തരത്തിൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുമാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് നേരത്തേ നിയമോപദേശം കിട്ടിയിരുന്നത്. എന്നാൽ 42-ാം ഭരണഘടനാഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള സമാവർത്തിപട്ടികയിലുള്ള വിഷയമായതിനാൽ ഭേദഗതിയാവാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
എന്നാൽ ബില്ലിന് കേന്ദ്രം അനുമതി നൽകാനിടയില്ലെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകുമോയെന്നും കണ്ടറിയണം. അനുമതി നൽകിയില്ലെങ്കിൽ സർക്കാരും ഗവർണറും തമ്മിലുള്ള അടുത്ത നിയമയുദ്ധത്തിനുള്ള വിഷയമായി ഇത് മാറുമെന്ന് ഉറപ്പാണ്.