/sathyam/media/media_files/2025/09/13/es-biju-2025-09-13-16-22-45.jpg)
തിരുവനന്തപുരം: ക്രൈസ്തവരെയും മിഷണറിമാരെയും അതിരൂക്ഷ വിമർശനത്തിനിരയാക്കികൊണ്ടുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ഇ.എസ് ബിജുവിന്റെ ലേഖനം പ്രസിദ്ധീകരിച്ച് ആർ.എസ്.എസ് മുഖപത്രം കേസരി.
സംസ്ഥാനത്ത് ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതിനിടെയാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംഘപരിവാർ ലേഖനവുമായി രംഗത്തെത്തിയിട്ടുള്ളത്.
ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ എന്ന ലേഖനത്തിലാണ് ക്രൈസ്തവ മിഷണറിമാരെ രൂക്ഷവിമർശനത്തിന് ഇരയാക്കുന്നത്.
മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് വാരികയിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്‌കാരത്തിലും അധിനിവേശമുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണ്. മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്തുവെന്നും ലേഖനത്തിൽ പറയുന്നു.
മതപരിവർത്തനത്തിന്റെ നാൾവഴികൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങൾ 2025ലും തുടരുമ്പോൾ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്.
ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്രവർത്തിക്കുന്നവർ മതപരിവർത്തന ശക്തികൾ ഏതുപായം സ്വീകരിച്ചാലും അതിനെ ചെറുത്തു പരാജയപ്പെടുത്തണം.
മതപരിവർത്തനം മതശക്തികളുടെ അവകാശമാണെങ്കിൽ മതപരിവർത്തന പ്രതിരോധവും, പരിവർത്തനവും ഹിന്ദുക്കളുടെയും അവകാശവും കർത്തവ്യവുമാണ്.
ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാൽ അതും ചെയ്യണം, രാജ്യത്തെ മുഴുവൻ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ മതപരിവർത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യമെന്നും ലേഖനത്തിൽ സമർത്ഥിക്കുന്നു.
മുമ്പ് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ സീറോ മലബാർ സഭയുടെ സ്വത്ത് സംബന്ധിച്ച പരാമർശം വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. ലേഖനം വിവാദമായതോടെ ക്രൈസ്തവ സഭാ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
കെ.സി.ബി.സി, സി.ബി.സി.ഐ എന്നീ സംഘടനകളും വിമർശനവുമായി രംഗത്തു വന്നതോടെ ഓർഗനൈസറിന് ലേഖനം പിൻവലിക്കേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം വാരികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെയും മുസ്ലീം വിഭാഗത്തെയും ശത്രുക്കളായി പ്രഖ്യാപിക്കുന്ന ആർ.എസ്.എസ് മുൻസർസംഘചാലക്ക് ഗുരുജി ഗോൽവാൾക്കറുടെ പുസ്തകമായ വിചാരധാരയിൽ വ്യക്തമാക്കുന്നതിനെ പിന്തുണച്ചു കൊണ്ടാണ് നിലവിലെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.