/sathyam/media/media_files/2025/03/26/rdxOKPL9hZ7G9HeH99jG.jpg)
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ രൂക്ഷവിമർശനം. ബി.ജെ.പി ഇൻചാർജുമാരുടെ ഓൺലൈൻ യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്.
പാർട്ടി ഭാരവാഹികളെ കൊണ്ട് പരമാവധി പണി എടുപ്പിക്കുക എന്ന സംസ്ഥാന അദ്ധ്യക്ഷന്റെ ശൈലിക്കെതിരെയാണ് പാർട്ടിക്കു ള്ളിൽ വിമർശനം ശക്തമാകുന്നത്. തീരുമാനങ്ങൾ എടുക്കും മുമ്പു ചർച്ചകൾ ഇല്ലെന്നും പ്രത്യക്ഷ സമരങ്ങൾക്ക് ആഹ്വാനം ചെയ്യുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷന്റേത് കോർപ്പറേറ്റ് ശൈലിയാണെന്നാണ് പ്രധാന വിമർശനം.മണ്ഡലം പ്രസിഡന്റുമാർക്ക് മേൽ താങ്ങാൻ കഴിയാത്ത അത്രയും പരിപാടികൾ അടിച്ചേൽപ്പിക്കുന്നു.
കോർപ്പറേറ്റ് കമ്പനി ജീവനക്കാരോട് പെരുമാറുന്നതു പോലെയാണ് നേതൃത്വം ഇടപെടലുകൾ നടത്തുന്നത്. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. പവർ പോയന്റ് പ്രസന്റേഷനും ടാർജറ്റുമാണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതി.
സംസ്ഥാന പാർട്ടിയിലെ പരമ്പരാഗത നേതാക്കൾ ഇതിനെ കോപ്രായം എന്നാണ് വിശേഷിപ്പിക്കുന്നത്. ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം ശില്പ്പശാലകൾ നിരന്തം വരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടിയുമുണ്ട്. ഇതിനൊപ്പമാണ് ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള ആഘോഷങ്ങൾ.
ചുരുക്കത്തിൽ നിലത്ത് നിൽക്കാൻ സമയമില്ലാത്ത അവസ്ഥയാണ്. അധിക ജോലി സമ്മർദ്ദം കാരണം മണ്ഡലം പ്രസിഡന്റുമാർ രാജിക്കൊരുങ്ങുകയാണെന്നും ഇൻചാർജുമാർ യോഗത്തിൽ വിമർശിച്ചു.
കെ.സുരേന്ദ്രൻ പ്രസിഡന്റായിരുന്നപ്പോൾ ചില ഘട്ടത്തിൽ മുഖ്യപ്രതിപക്ഷത്തിന്റെ റോളിലേക്ക് ബി.ജെ.പിയെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നതായും അത് യു.ഡി.എഫിനെ അമ്പരപ്പിച്ചിരുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വികസനം എന്ന വാക്ക് ഉരുവിട്ട് പാർട്ടിയെ നിഷ്‌ക്രിയമാക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഇടതു സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ യു.ഡി.എഫ് കരിദിനം ആചരിച്ചെങ്കിലും ബി.ജെ.പി മിണ്ടാതിരുന്നത് ശരിയായില്ലെന്നും അവർ പറയുന്നു.
എന്നാൽ പരമ്പരാഗത നേതാക്കളുടെ മുറുമുറുപ്പിനെ പൂർണ്ണമായി തള്ളുകയാണ് അധ്യക്ഷനെ അനുകൂലിക്കുന്നവർ. പരമ്പാഗത ശൈലി വിട്ടുള്ള പ്രഫഷണൽ സമീപനത്തിന് പിന്തുണയേറുകയാണെന്നും സമയപരിധി വെച്ചുള്ള ആസൂത്രണത്തിലൂടെയാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അധികാരത്തിയതെന്നും അവർ ഓർമ്മിപ്പിക്കുന്നു.
യോഗത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ പിന്തുണച്ച് കൊണ്ട് ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷും എം.ടി രമേശും രംഗത്ത് വരികയും ചെയ്തിരുന്നു.
സംസ്ഥാന നേതൃത്വം നിർദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡൻറുമാരെ മാറ്റേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറിമാരായ എം.ടി .രമേശും എസ് സുരേഷും പറഞ്ഞതാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്.
ഓണവും ശ്രീകൃഷ്ണജയന്തിയും അടക്കം ആഘോഷങ്ങൾ മണ്ഡലം പ്രസിഡൻറുമാർക്കുമുണ്ടെന്ന് എല്ലാവരും ഓർക്കണമെന്ന് നേതാക്കൾ പറഞ്ഞു. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡൻറുമാരുടെ കഷ്ടപ്പാടുകൾ അറിയുകയുള്ളൂവെന്നും നേതൃത്വം റേഡിയോയെപ്പോലെ ആകരുതെന്നും അവർ കുറ്റപ്പെടുത്തി.
പൊലീസ് അതിക്രമങ്ങൾക്കെതിരെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രതിഷേധപരിപാടി നടത്താൻ തീരുമാനിച്ചതിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ പാർട്ടിയിൽ എതിർപ്പുയർന്നിരുന്നു.
സംസ്ഥാന ബി.ജെ.പിയിൽ ധൂർത്താണെന്ന വിമർശനവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊരുങ്ങുന്ന പാർട്ടിക്ക് ഈ ഭിന്നതകൾ തലവേദനയായേക്കും.