ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ സാംസ്‌കാരിക വകുപ്പിന് കൈമാറി

New Update
namboodiri samman trust-4

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകൾ കേരള സർക്കാരിന് കൈമാറി. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റാണ് ചിത്രങ്ങൾ സാംസ്‌കാരിക വകുപ്പിന് കൈമാറിയത്. തിരുവനന്തപുരത്തെ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചിത്രങ്ങൾ ഏറ്റുവാങ്ങി.

കൈമാറിയ ചിത്രങ്ങൾ കേരളത്തിലെ വിവിധയിടങ്ങളിൽ കേരള ലളിതകലാ അക്കാദമി പ്രദർശിപ്പിക്കും. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സെക്രട്ടറി എ ബി എൻ ജോസഫ്, നമ്പൂതിരി സമ്മാൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ വാസുദേവൻ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, ബിനുരാജ് കലാപീഠം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്റ്റംബർ 13-ന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ വെച്ചാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്. 'എത്രയും ചിത്രം ചിത്രം' എന്ന് പേരിട്ടിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടി ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

Advertisment