/sathyam/media/media_files/2025/09/15/arya-rajendran-london-award-2-2025-09-15-15-04-51.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സുസ്ഥിര വികസനത്തിന് മേയർ ആര്യാ രാജേന്ദ്രൻ ലണ്ടനിലെത്തി സ്വീകരിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. തലസ്ഥാന നഗരത്തിലെ സുസ്ഥിര വികസനത്തിനുള്ള സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസ് പുരസ്‌കാരമാണ് മേയർ യു.കെ പാർലമെന്റ് മന്ദിരമായ ഹൗസ് ഓഫ് കോമൺസിൽ വച്ച് ഏറ്റുവാങ്ങിയത്. വേൾഡ് റെക്കോർഡ്സിന്റെ 8-ാമത് അവാർഡ്ദാന ചടങ്ങിലാണ് തിരുവനന്തപുരം കോർപ്പറേഷനെ പ്രതിനിധീകരിച്ച് മേയർ പങ്കെടുത്തത്.
കാർബൺ ന്യൂട്രൽ തിരുവനന്തപുരം എന്ന ലക്ഷ്യത്തിലേക്കുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണിത്. 115 ഇലക്ട്രിക്കൽ ബസ്, 100 ഓട്ടോ, ഗാർഹിക സോളാർ പദ്ധതിയിലെ സബ്സിഡി, ഇലക്ട്രിക്കൽ ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി തുടങ്ങിയവയാണ് അംഗീകാരത്തിനായി പരിഗണിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം.
പരിസ്ഥിതി ദിനത്തിൽ ഏഴായിരം വിദ്യാർത്ഥികൾ ചേർന്ന് നാലുലക്ഷത്തോളം സീഡ് ബോളുകൾ നിർമ്മിച്ചതും ലോക റെക്കോർഡിൽ ഇടം നേടിയിരുന്നു. ഭാവിതലമുറയ്ക്കായി ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരുവനന്തപുരം കോർപറേഷൻ മേയറായ ആര്യ രാജേന്ദ്രനെ ആദരിച്ചത്.
എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് തന്നെ പ്രാപ്തമാക്കിയ പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി മേയർ പ്രതികരിക്കുകയും ചെയ്തു.
എന്നാൽ ഈ പുരസ്കാരം കാശ് കൊടുത്ത് ലണ്ടനിൽ പാർലമെന്റ് മന്ദിരത്തിൽ റൂം വാടകയ്ക്ക് എടുത്ത് റെക്കോർഡ് അവാർഡ് കൊടുക്കുന്ന പ്രാഞ്ചിയേട്ടൻ പരിപാടിയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ഇന്ത്യൻ സംഘടന യുകെയിൽ വച്ച് നൽകിയ അവാർഡ് വാങ്ങാൻ സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു നഗരസഭാ ചെലവിലെ മേയറുടെ യാത്ര.
ഇന്ത്യാക്കാരന്‍ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹാള്‍ വാടകയ്ക്ക് എടുത്ത നടത്തിയ ചടങ്ങിന് ഹൗസ് കോമൻസുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് സൈബറിടത്തിൽ ഉയരുന്നത്.
കാശ് കൊടുത്ത വാങ്ങിയ പുരസ്കാരമെന്നതടക്കമുള്ള ട്രോളുകളാണ് എതിരാളികളുടേത്. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സിന്‍റെ ക്ഷണപ്രകാരം മേയര്‍ക്ക് പോകാൻ അനുമതി നൽകുന്നുവെന്ന് വ്യക്തമാക്കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്.
ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക അവാർഡാണെന്നും ലോക റെക്കോഡ് ഓഫ് ബുക്‌സിന്റെ അവാർഡെന്നുമാണ് മേയറും നഗരസഭയും സംസ്ഥാന സർക്കാരും പ്രചരിപ്പിച്ചത്. എന്നാൽ വസ്തുതകൾ ഇങ്ങനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
മദ്ധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമാക്കിയുള്ള സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്. ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് എന്ന ഹാൾ സംഘടനകൾക്കും വ്യക്തികൾക്കും വാടകയ്ക്ക് കൊടുക്കാറുണ്ട്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന സംഘടന ഈ ഹാൾ വാടകയ്ക്ക് എടുത്ത് അവിടെ പരിപാടി നടത്തിയതാണ്.
അല്ലാതെ ബ്രിട്ടീഷ് പാർലമെന്റിന് ഈ പരിപാടിയുമായോ അവാർഡുമായോ യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. യു.കെ. പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് മേയർ ആര്യ പ്രതികരിച്ചത്.
പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി സീഡ് ബോള്‍ ക്യാമ്പയിന്‍റെ ഭാഗമായി നടത്തിയ പരിപാടിക്ക് നഗരസഭയ്ക്ക് കിട്ടിയതാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം.
നഗരസഭാ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മേയര്‍ക്ക് വിമാന യാത്രയ്ക്കുള്ള അനുമതിയും യാത്രാ ചെലവ് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുവാദം നൽകിയുമാണ് സർക്കാർ ഉത്തരവ്.
ലോക റെക്കോഡ് നേടിയത് നഗരസഭയ്‌ക്കാണ് എന്ന് പറയുമ്പോൾ അവാർഡിലുള്ള വിവരം മേയർ ആര്യാ രാജേന്ദ്രനാണ് പുരസ്കാരം എന്നാണ്. അവാർഡിനൊപ്പമുള്ള സർട്ടിഫിക്കറ്റിൽ ‘തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ (സിപിഐ (എം)) എന്നാണ് ചേർത്തിരിക്കുന്നത്. സിപിഎം എന്ന പാർട്ടിപ്പേര് സർട്ടിഫിക്കറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു.
അവാർഡ് നൽകിയത് ഇന്ത്യൻ സംഘടനയാണ്. അതിന് ഒരുതരത്തിലുള്ള അന്താരാഷ്‌ട്ര ഔദ്യോഗിക അംഗീകാരവും ഇല്ല. ഇന്ത്യക്കാരൻ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ്.
സംഘടന ബ്രിട്ടീഷ് പാർലമെന്റ് ഹാൾ വാടകയ്‌ക്ക് എടുത്താണ് ചടങ്ങ് നടത്തിയത്. ഇതിന് ഹൗസ് ഓഫ് കോമൺസുമായി ഒരു ബന്ധവുമില്ല. ‘കാശ് കൊടുത്ത വാങ്ങിയ പുരസ്‌കാര’മെന്നതടക്കമുള്ള വിമർശനങ്ങാണ് വ്യാപകമാകുന്നത്.
നേരത്തേ കെ.എം.മാണിയും ഗായകൻ എം.ജി ശ്രീകുമാറുമെല്ലാം ഈ ലോക റെക്കോർഡ് തട്ടിപ്പിൽ വീണിരുന്നു. മാമിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം എന്ന് ആദ്യം വാർത്ത വന്നെങ്കിലും പിന്നീട് അതിലെ പൊള്ളത്തരം വെളിച്ചത്തായി. എം.ജി ശ്രീകുമാറിയും ബ്രിട്ടീഷ് പാർലമെന്റ് ആദരിച്ചെന്നായിരുന്നു പ്രചാരണം.
ആര്യാ രാജേന്ദ്രൻ ഈ ചെറിയ പ്രായത്തിൽ തന്നേ ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ സമ്മതിദാന അംഗീകാരം നേടി മേയർ ആയതിലും വലിയ എന്ത് അംഗീകാരമാണ് ഇനി വേണ്ടത് എന്ന് ചിന്തിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മാലിന്യനിർമ്മാർജ്ജനത്തിലൊക്കെ ഗംഭീര മാതൃക കൊണ്ടുവന്ന നഗരത്തിന് ജനങ്ങളുടെ അംഗീകാരമുണ്ട്, പ്രാഞ്ചിയേട്ട അവാർഡുകൾ വേണ്ടെന്നും കമന്റുകൾ പ്രവഹിക്കുന്നു.